ഇംഗ്ലണ്ട് കളിക്കാര്‍ക്ക് പാകിസ്ഥാനില്‍ കളിക്കുന്നതിന് വിലക്ക്, കര്‍ശന നിര്‍ദ്ദേശവുമായി ഇസിബി

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് (പിഎസ്എല്‍ 2025) ഉല്‍പ്പെടെയുള്ള വിദേശ ലീഗുകളില്‍ കളിക്കുന്നതില്‍നിന്നും ഇംഗ്ലണ്ട് കളിക്കാരെ വിലക്കി ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി). എന്നിരുന്നാലും, ബോര്‍ഡ് ഐപിഎല്‍ കളിക്കുന്നതില്‍നിന്നും താരങ്ങളെ വിലക്കിയിട്ടില്ല.

വിദേശലീഗുകളില്‍ കളിക്കാന്‍ പോകുന്നത് താരങ്ങളെ റെഡ്-ബോള്‍ ക്രിക്കറ്റിനോട് പുറംതിരിഞ്ഞുനില്‍ക്കാന്‍ പ്രേരിപ്പിച്ചേക്കാം എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇസിബിയിയുടെ ഈ തീരുമാനം. സമീപ വര്‍ഷങ്ങളില്‍, നിരവധി കളിക്കാര്‍ ദേശീയ ടീമിനേക്കാള്‍ ടി20 ലീഗുകള്‍ക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ട്. എന്നിരുന്നാലും, വിദേശ ലീഗുകളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് കളിക്കാരെ വിലക്കുന്നത് ആഭ്യന്തര ഗെയിമിന്റെ ഗുണനിലവാരം സംരക്ഷിക്കുമെന്ന് ഇസിബി വിശ്വസിക്കുന്നതായി ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അഴിമതിയുണ്ടെന്ന് സംശയിക്കുന്ന ലീഗുകളില്‍ പങ്കെടുക്കുന്നതില്‍നിന്നും ഇംഗ്ലണ്ട് താരങ്ങളെ വിലക്കും. വിദേശ ടി20 ലീഗുകളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് കളിക്കാരെ വിലക്കാനുള്ള തീരുമാനം ബുധനാഴ്ച ചേര്‍ന്ന ഇസിബി ബോര്‍ഡ് യോഗത്തില്‍ അംഗീകരിച്ചു.

പുതിയ നയം കളിക്കാരുടെ വരുമാനത്തെ മോശം അവസ്ഥയില്‍ എത്തിക്കും. അതേസമയം, വൈറ്റ് ബോള്‍ കരാര്‍ മാത്രമുള്ള കളിക്കാര്‍ക്ക് മാത്രം വരാനിരിക്കുന്ന ഇംഗ്ലീഷ് സമ്മര്‍ സീസണില്‍ നടക്കുന്ന ലീഗുകള്‍ക്ക് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഇസിബി ആലോചിക്കുന്നുണ്ട്.