കോണ്‍ഗ്രസ് പോലും നടത്തിയത് 'ഭാരത്' ജോഡോ യാത്ര; ന്യായീകരണവുമായി സെവാഗ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ജേഴ്‌സിയില്‍ ഭാരത് എന്ന് ഉപയോഗിക്കണം എന്ന അഭിപ്രായം പങ്കുവെച്ചതിനെതിരെ വിമര്‍ശനം ഉയരുമ്പോള്‍ തന്റെ ഭാഗം ന്യായീകരിച്ച് മുന്‍ ക്രക്കറ്റ് താരം വീരേന്ദര്‍ സെവാഗ്. തന്റെ അഭിപ്രായത്തിന് പിന്നില്‍ യാതൊരുവിധ രാഷ്ട്രീയ താത്പര്യമില്ലെന്നും കോണ്‍ഗ്രസ് പോലും നടത്തിയ യാത്രയുടെ പേര് ഭാരത് ജോഡോ യാത്ര എന്നായിരുന്നെന്നും സെവാഗ് പറഞ്ഞു.

‘ഭാരത്’ എന്നത് എന്റെ വ്യക്തിപരമായ അഭിപ്രായവും ഇഷ്ടവുമാണ്. കോണ്‍ഗ്രസ് പോലും നടത്തിയ യാത്രയുടെ പേര് ഭാരത് ജോഡോ യാത്ര എന്നായിരുന്നു. ‘ഭാരതം’ എന്ന പേരില്‍ നമ്മളെ ഒരു രാജ്യമായി അഭിസംബോധന ചെയ്താല്‍ അത് വലിയ സംതൃപ്തിയും സന്തോഷവും നല്‍കുന്ന കാര്യമാണ്.

എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലും നല്ല ആളുകളുമുണ്ട് മോശം ആളുകളുമുണ്ട്. എനിക്ക് ഒരു രാഷ്ട്രീയ താല്‍പര്യങ്ങളുമില്ല. ഉണ്ടായിരുന്നെങ്കില്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ എനിക്ക് സീറ്റ് ഓഫര്‍ ചെയ്ത് രണ്ടു പാര്‍ട്ടികളും സമീപിച്ചിരുന്നു. ക്രിക്കറ്റിലെ എന്റേ നേട്ടങ്ങളാണ് ടിക്കറ്റ് ലഭിക്കാന്‍ കാരണം. പക്ഷേ ഞാന്‍ സ്വീകരിച്ചില്ല- സെവാഗ് എക്‌സില്‍ കുറിച്ചു.

Read more

ലോകകപ്പ് 2023ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക ജേഴ്‌സിയില്‍നിന്ന് ‘ഇന്ത്യ’ എന്ന പേര് ഒഴിവാക്കി ഭാരത് എന്നാക്കണമെന്നാണ് സെവാഗ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഇന്ത്യ എന്ന പേര് ബ്രിട്ടീഷുകാര്‍ നല്‍കിയതാണെന്നും അത് ‘ഭാരത’ത്തിലേക്ക് പഴയപടിയാക്കേണ്ട സമയമായെന്നും സെവാഗ് പറഞ്ഞു.