'അവനെ ക്യാപ്‌നാക്കിയത് ഞാന്‍, എല്ലാവരും അത് മറന്നുപോയി'; തുറന്നടിച്ച് ഗാംഗുലി

രോഹിത് ശര്‍മ്മയെ നായകസ്ഥാനത്തേക്കെത്തിച്ചത് താനാണെന്ന് പലരും ഇന്ന് മറന്നിരിക്കുകയാണെന്ന് വിമര്‍ശിച്ച് സൗരവ് ഗാംഗുലി. സൗരവ് ഗാംഗുലി ബിസിസി ഐ പ്രസിഡന്റായിരുന്ന സമയത്താണ് രോഹിത്തിനെ ഇന്ത്യയുടെ നായകനാക്കിയത്. വിരാട് കോഹ്‌ലിയെ നായകസ്ഥാനത്ത്‌നിന്ന് നീക്കി രോഹിത്തിനെ നായകനാക്കാന്‍ ഗാംഗുലി ഇടപെട്ടത് അന്ന് ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ രോഹിത് ശര്‍മക്ക് കീഴില്‍ ഇന്ത്യ ടി20 ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ട സാഹചര്യത്തില്‍ തന്റെ തീരുമാനത്തെ വിമര്‍ശിച്ചവര്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ് മുന്‍ നായകന്‍.

അന്ന് രോഹിത് ശര്‍മക്ക് ഇന്ത്യയുടെ നായകസ്ഥാനം നല്‍കിയപ്പോള്‍ എല്ലാവരും എന്നെ വിമര്‍ശിക്കുകയാണ് ചെയ്തത്. എന്നാല്‍ ഇപ്പോള്‍ രോഹിത്തിന് കീഴില്‍ ഇന്ത്യ ടി20 ലോകകപ്പ് കിരീടം നേടിയിരിക്കുകയാണ്. ഇനിയെങ്കിലും രോഹിത്തിനെ നായകനാക്കിയതിന്റെ പേരിലുള്ള അധിക്ഷേപം നിര്‍ത്തണം. ഇന്ത്യന്‍ ടീമിന്റെ നായകനായി രോഹിത് ശര്‍മയെ എത്തിച്ചത് ഞാനാണെന്ന് എല്ലാവരും മറന്നിരിക്കുകയാണ്- ഗാംഗുലി പറഞ്ഞു.

അതിനിടെ ഡല്‍ഹി ക്യാപിറ്റല്‍സ് റിക്കി പോണ്ടിംഗുമായി വേര്‍പിരിഞ്ഞതിന് ശേഷം, മുഖ്യ പരിശീലകനായി ചുമതലയേല്‍ക്കാനുള്ള ആഗ്രഹം ഗാംഗുലി പ്രകടിപ്പിച്ചു. ചില പുതിയ കളിക്കാരെ ടീമിലേക്ക് കൊണ്ടുവരുന്നതിനെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു.

ഏഴ് വര്‍ഷമായി ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ടിരുന്ന പോണ്ടിംഗിന് മികച്ച ഫലങ്ങളൊന്നും കൊണ്ടുവരാനായില്ലെന്നും അതിനാല്‍ അദ്ദേഹത്തെ വിട്ടയക്കുകയാണെന്ന് ഗാംഗുലി പറഞ്ഞു. താന്‍ തന്നെ മുഖ്യ പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്നും കോച്ചിംഗ് സ്റ്റാഫിനെ പരിശോധിക്കാന്‍ ഫ്രാഞ്ചൈസി മാനേജ്മെന്റിനോട് ആവശ്യപ്പെടുമെന്നും ഗാംഗുലി പറഞ്ഞു.