ആവേശം പരകോടിയിൽ, വെങ്കല മെഡൽ മത്സരത്തിൽ പാകിസ്ഥാനെ പഞ്ഞിക്കിട്ട് ബംഗ്ലാദേശ്; സ്വർണം മോഹിച്ചിറങ്ങിയിട്ട് ഒരു മെഡൽ പോലും ഇല്ലാതെ മടക്കം

സ്വർണം മോഹിച്ച് ഏഷ്യൻ ഗെയിംസ് ടൂർണമെന്റിന് ഇറങ്ങിയ പാകിസ്ഥാന് ഒരു മെഡൽ പോലും ഇല്ലാതെ മടങ്ങാം. വെങ്കല മെഡൽ മത്സരത്തിൽ ബംഗ്ലാദേശാണ് പാകിസ്ഥാനെ തകർത്തെറിഞ്ഞത്. മഴ മൂലം ഓവറുകൾ വെട്ടിച്ചുരുക്കിയ മത്സരത്തിൽ ഡക്ക് വെർത്ത് ലുയിസ് നിയമപ്രകാരം 6 വിക്കറ്റിനായിരുന്നു ബംഗ്ലാദേശിന്റെ ജയം.

ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ബോളിങ് തിരഞ്ഞെടുക്കുക ആയിരുന്നു. മഴ പെയ്താൽ 13 ഓവറുകളാക്കി മത്സരം ചുരുക്കിയിരുന്നു. പാകിസ്താൻ സ്കോർ 5 ഓവറിൽ 48 റൺസ് എന്ന നിലയിൽ നിൽക്കുമ്പോൾ വീണ്ടും മഴയെത്തി. അങ്ങനെ ബംഗ്ലാദേശ് ലക്‌ഷ്യം 5 ഓവറിൽ 65 റൺസ് ആയി മാറി. ആദ്യ ഓവറിൽ തന്നെ അർഷാദ് ഇക്ബാൽ രണ്ട് ബംഗ്ലാദേശി ബാറ്ററുമാരെയും പുറത്താക്കിയതോടെ മത്സരം പാകിസ്ഥാൻ ജയിച്ചെന്ന് കരുതി.

എന്നാൽ പിന്നീട് മത്സരത്തിൽ മനോഹരമായി തിരിച്ചെത്തിയ ബംഗ്ലാദേശ് അടുത്ത രണ്ട് ഓവറുകളിൽ നിന്നായി 31 റൺ വാരി കൂട്ടി. ആദ്യ ഓവർ പോലെ മനോഹരമായി തന്നെ പന്തെറിഞ്ഞ അർഷാദ് ഇക്ബാൽ തന്റെ അവസാന ഓവറിൽ ( കളിയിലെ നാലാമത്തെ ഓവർ ) 5 റൺ മാത്രമേ വഴങ്ങിയുള്ളു, ഒരു വിക്കറ്റും വീഴ്ത്തി. ഇതോടെ അവസാന ഓവറിൽ ബംഗ്ലാദേശ് 20 റൺ എടുക്കേണ്ട അവസ്ഥയിൽ എത്തി. 6 , 2 , 6 , 2 എന്നിങ്ങനെ മനോഹരമായി തുടങ്ങിയ ബംഗ്ലാദേശിന് അഞ്ചാമത്തെ പന്തിൽ വിക്കറ്റ് നഷ്ടമായി. അവസാന പന്തിൽ ബൗണ്ടറി വേണ്ടപ്പോൾ അത് നേടി സുഫിയാണ് മുകീം ബംഗ്ലാദേശിന്റെ രക്ഷകനായി.

മഴ മൂലം മത്സരം ഉപേക്ഷിച്ചിരുന്നെങ്കിൽ പാകിസ്ഥാന് വെങ്കല മെഡൽ കിട്ടുമായിരുന്നു. റാങ്കിങ്ങിൽ മുന്നിൽ ഉള്ളതിനാലാണ് ഇത്.