ഇന്ന് ക്രിക്കറ്റില്‍ പരാജയപ്പെടുന്നവര്‍ക്കെല്ലാം നിന്റെ പേരാണ് ഇന്ത്യന്‍ ബാവുമ, പാക് ബാവുമ, ഓസിസ് ബാവുമ..

അഭിലാഷ് അബി

ഞാനുള്‍പ്പെടുന്ന വലിയ ലോകം മുഴുവന്‍ ആ ചെറിയ മനുഷ്യനെ പരിഹാസങ്ങള്‍ കൊണ്ട് മൂടുകയാണ് ഇന്നലെയും ഇന്നും. നിന്റെ പ്രതിഭയ്ക്കല്ല , കാരണവന്മാര്‍ അനുഭവിച്ച യാതനകളുടെ പ്രതിഫലമായി കിട്ടിയതാണ് നിന്റെ തലയിലെ നായകന്റെ കിരീടം. ആ മുള്‍ക്കിരീടം മുന്‍പ് പേറിയവര്‍ എത്ര പ്രതിഭാ ശാലികളായിരുന്നിട്ടും ശക്തരായിരുന്നിട്ടും പേമാരിയായും ചോരാത്ത കൈകള്‍ ചോര്‍ന്നും എന്നും എപ്പോഴും ദൗര്‍ഭാഗ്യത്തിന് മുന്നില്‍ കണ്ണീരോടെ കൈമാറാനാണ് വിധി, വിലയേറിയ ഒരു മാണിക്യം പോലും പതിപ്പിയ്ക്കാനാകാതെ.

ആ കാത്തിരിപ്പിന് നിന്നിലൂടെ അന്ത്യമായാല്‍ നീ വാഴ്ത്തപ്പെട്ടവനാകും. പക്ഷേ അതിന് മുന്‍പ് നിന്നെ പുകഴ്ത്താനോ വാഴ്ത്തിപ്പാടാനോ തിരിച്ചു വരവുകള്‍ ആഘോഷിക്കാനോ നിന്റെ നാട്ടില്‍ പോലും നിന്റെ ആരാധകവൃന്ദങ്ങള്‍ ഉണ്ടോന്ന് സംശയമാണ്. ഇന്ന് ലോകത്ത് നിന്റെ ജോലിയില്‍ പരാജയപ്പെടുന്നവര്‍ക്കെല്ലാം നിന്റെ പേരാണ് ‘ഇന്ത്യന്‍ ബാവുമ ‘ ‘പാക് ബാവുമ ‘ ‘ഓസിസ് ബാവുമ’

തെംബ ബാവുമ- സൗത്താഫ്രിക്കന്‍ ക്യാപ്ടന്‍

സൗത്താഫ്രിക്കന്‍ ലീഗില്‍ ലേലത്തില്‍ തഴയപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞ വരികള്‍, ‘ നിരാശനാണ് ഞാന്‍. പിന്നെ കുടുംബവും.’ അന്ന് ഞാനും പൊട്ടിച്ചിരിച്ചു . ഇന്നത്തെ മല്‍സരം ലൈവ് കാണാന്‍ കഴിഞ്ഞില്ല. ഡ്രീം ഇലവന്റെ ചൂതാട്ട മല്‍സരത്തിലെ സ്‌കോര്‍ കാര്‍ഡില്‍ സ്ഥിരം ഒഴിവാക്കുന്ന ‘ ബാവുക്കുട്ടന്‍ ‘150 + റോക്കറ്റുകള്‍ വര്‍ഷിയ്ക്കുന്ന പാക് പടയ്‌ക്കെതിരേ ബൗണ്ടറിയും സിക്‌സറും ഒക്കെയായി 36 റണ്ണടിച്ചതായി കണ്ടപ്പോള്‍ തേഡ് മാന് മുകളിലൂടെ പറന്ന ടോപ്പ് എഡ്ജുകളാണ് മനസില്‍ കണ്ടത് .

പക്ഷേ ഹൈലൈറ്റ്‌സില്‍ അയാളുടെ ഷോട്ടുകള്‍ ഒന്നുകൂടി കണ്ട് സ്വയം വിശ്വസിപ്പിച്ചു, ഒരു വെടിയ്ക്കുള്ള മരുന്നുണ്ട് ഉള്ളില്‍. പുതിയ പേസ് സെന്‍സേഷന്‍ വസീമിനെ പോയിന്റിന് മുകളിലൂടെ അടിച്ച ബൗണ്ടറിയും ലോകകപ്പിലെ ടോപ്പ് സ്പീഡിന് മല്‍സരിക്കുന്ന വേഗരാജാവ് ഹാരിസ് റൗഫിനെ ഷഫിള്‍ ചെയ്ത് സ്‌ക്വയര്‍ ലെഗ് സ്റ്റാന്‍ഡില്‍ തൂക്കിയിട്ട സിക്‌സറും ടെംബയുടെ ടാലന്റ് തന്നെയാണ്.

അടുത്ത ലോകകപ്പിലും ലേലങ്ങളിലും താങ്കളെ കാണാന്‍ കുടുംബം മാത്രമല്ല ലോകം മുഴുവന്‍ കാത്തിരിയ്ക്കും വിധത്തില്‍ ബാറ്റു കൊണ്ടും വിജയങ്ങള്‍ കൊണ്ടും കരുത്ത് തെളിയിക്കാനാകട്ടെ .

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍