'നിങ്ങൾക്ക് പറ്റില്ലെങ്കിൽ പറയൂ, പാകിസ്ഥാൻ ടീമിനെ ഞാൻ പരിശീലിപ്പിക്കാം'; വമ്പൻ ഓഫറുമായി ഇന്ത്യൻ മുൻ പേസർ

2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ആതിഥേയരായ പാകിസ്ഥാൻറെ പ്രചാരണം നിരാശാജനകമായിരുന്നു. കാരണം അവർ ടൂർണമെൻ്റിൽ നിന്ന് ​ഗ്രൂപ്പ് ഘട്ടത്തൽ തന്നെ പുറത്തായിരിക്കുകയാണ്. മുഹമ്മദ് റിസ്‌വാൻ്റെ ക്യാപ്റ്റൻസിയിൽ ന്യൂസിലൻഡിനെതിരെയും ഇന്ത്യക്കെതിരെയും തുടർച്ചയായി തോൽവി ഏറ്റുവാങ്ങിയ ടീം പുറത്താകലിൻ്റെ വക്കിലെത്തി.

ഗ്രൂപ്പ് എയിൽ നിന്ന് ഇന്ത്യയും ന്യൂസിലൻഡും സെമിഫൈനലിലേക്ക് സ്ഥാനം ഉറപ്പാക്കി. കിവീസ് ബംഗ്ലാദേശിനെ തോൽപ്പിച്ചതോടെ പാക് ടീമിന്റെ വിധി തീരുമാനിക്കപ്പെട്ടു. ഇതോടെ ഗ്രൂപ്പ് ഘട്ടത്തിൽ ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പുറത്താകുന്ന ആദ്യ ആതിഥേയ ടീമായി പാകിസ്ഥാൻ മാറി.

ഇതിന് പിന്നാലെ അവർക്ക് കനത്ത വിമർശനം ഏറ്റുവാങ്ങേണ്ടിവന്നു, പ്രത്യേകിച്ച് മുൻ പാകിസ്ഥാൻ കളിക്കാരായ വസീം അക്രം, വഖാർ യൂനിസ്, ഷോയ്ബ് അക്തർ തുടങ്ങിയവരിൽ നിന്ന്. അവർ ടീമിൻ്റെ പ്രകടനത്തെ പരസ്യമായി വിമർശിക്കുകയും സജ്ജീകരണത്തിൽ മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

അതിനിടെ, ഇന്ത്യൻ മുൻ പേസർ യോഗ്‌രാജ് സിംഗ് പാകിസ്ഥാൻ ടീമിനെ പരിശീലിപ്പിക്കാനും അവരുടെ ഫോം വീണ്ടെടുക്കാൻ സഹായിക്കാനും സന്നദ്ധതയറിയിച്ച മുന്നോട്ട് വന്നു. തങ്ങളുടെ ടീമിൻറെ പുനരുജ്ജീവനത്തിനായി സജീവമായി പ്രവർത്തിക്കുന്നതിനുപകരം അവരുടെ തകർച്ചയെക്കുറിച്ച് അഭിപ്രായം പറഞ്ഞതിന് യോഗ്‌രാജ് അക്രത്തെയും മറ്റ് മുൻ കളിക്കാരെയും വിമർശിച്ചു.

വസീം കമൻ്ററി ചെയ്ത് പണം സമ്പാദിക്കുന്നു. നിങ്ങളുടെ രാജ്യത്തേക്ക് മടങ്ങുക, ഈ കളിക്കാരുടെ ഒരു ക്യാമ്പ് സംഘടിപ്പിക്കുക. നിങ്ങളിൽ ആർക്കാണ് പാകിസ്ഥാനെ ലോകകപ്പ് നേടാൻ സഹായിക്കാനാകുകയെന്ന് എനിക്ക് കാണണം, ഇല്ലെങ്കിൽ രാജിവെക്കണം. എനിക്ക് അവരെ പരിശീലിപ്പിക്കാൻ കഴിയും. ഒരു വർഷത്തിനുള്ളിൽ ഞാൻ ഈ ടീമിനെ നിർമ്മിക്കും, നിങ്ങൾ അത് ഓർക്കും.

എല്ലാം പാഷൻ ആണ്. ഞാൻ ഇവിടെ എന്റെ സ്വന്തം അക്കാദമിയിൽ 12 മണിക്കൂർ ചെലവഴിക്കുന്നു. നിങ്ങളുടെ സ്വന്തം രാജ്യത്തിനായി നിങ്ങളുടെ രക്തവും വിയർപ്പും നൽകേണ്ടിവരും- അദ്ദേഹം കൂട്ടിച്ചേർത്തു.

Read more