ജോലിയിൽ പ്രവേശിച്ച് ആറ് മാസത്തിന് ശേഷം ഗാരി കിർസ്റ്റൺ പാകിസ്ഥാൻ കോച്ച് സ്ഥാനമൊഴിഞ്ഞു

ജോലിയിൽ പ്രവേശിച്ച് ആറ് മാസത്തിന് ശേഷം പാക്കിസ്ഥാൻ്റെ വൈറ്റ് ബോൾ കോച്ച് ഗാരി കിർസ്റ്റൺ രാജിവെച്ചതായി രാജ്യത്തെ ക്രിക്കറ്റ് ബോർഡ് തിങ്കളാഴ്ച അറിയിച്ചു. അടുത്തയാഴ്ച ആരംഭിക്കുന്ന ഓസ്‌ട്രേലിയൻ പര്യടനത്തിൽ കിർസ്റ്റന് പകരം ടെസ്റ്റ് കോച്ച് ജേസൺ ഗില്ലസ്‌പി നയിക്കുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) എക്‌സിൽ അറിയിച്ചു

“ഗാരി കിർസ്റ്റൺ രാജി സമർപ്പിച്ചതിന് ശേഷം അടുത്ത മാസം ഓസ്‌ട്രേലിയയിൽ നടക്കുന്ന വൈറ്റ് ബോൾ പര്യടനത്തിൽ പാകിസ്ഥാൻ പുരുഷ ക്രിക്കറ്റ് ടീമിനെ ജേസൺ ഗില്ലസ്പി പരിശീലിപ്പിക്കും.” പിസിബി പറഞ്ഞു. 2011ലെ ഏകദിന ലോകകപ്പ് വിജയത്തിലേക്ക് ഇന്ത്യയെ പരിശീലിപ്പിച്ച ദക്ഷിണാഫ്രിക്കൻ താരം കിർസ്റ്റനെ ഈ വർഷം ഏപ്രിലിലാണ് പാക്കിസ്ഥാൻ്റെ ഏകദിന, ടി20 ടീമുകളുടെ ചുമതല പിസിബി ഏൽപ്പിച്ചത്.

ഞായറാഴ്ച ബാബർ അസമിന് പകരം പുതിയ വൈറ്റ് ബോൾ ക്യാപ്റ്റനായി വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാനെ പിസിബി പ്രഖ്യാപിച്ചപ്പോൾ കിർസ്റ്റൺ സ്ഥാനത്ത് ഉണ്ടായിരുന്നില്ല. ആറ് പരിമിത ഓവർ മത്സരങ്ങൾക്കായി സിംബാബ്‌വെയിലേക്ക് പറക്കുന്നതിന് മുമ്പ് പാകിസ്ഥാൻ നവംബർ 4 മുതൽ 18 വരെ ഓസ്‌ട്രേലിയയ്‌ക്കെതിരെ മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും കളിക്കും.