ആര്‍സിബിക്കെതിരായ മത്സരവും തോറ്റതോടെ വലിയ നിരാശയിലാണ് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ. ജയിക്കാമായിരുന്ന മത്സരത്തില്‍ തിലകിന്റെയും ഹാര്‍ദിക്കിന്റെയും പുറത്താവലാണ് മത്സരം ബെംഗളൂരുവിന് അനുകൂലമാക്കിയത്. ഇരുവരും ചേര്‍ന്നുളള വെടിക്കെട്ട് ബാറ്റിങ് ഒരുഘട്ടത്തില്‍ കളി മുംബൈക്ക് അനുകൂലമാക്കിയിരുന്നു. എന്നാല്‍ ബോളര്‍മാരെ കൃത്യമായി ഉപയോഗിച്ച ആര്‍സിബി ക്യാപ്റ്റന്‍ രജത് പാടിധാര്‍ മത്സരം തങ്ങളുടേതാക്കുകയായിരുന്നു. മത്സരശേഷമുളള പോസ്റ്റ് മാച്ച് പ്രസന്റേഷനില്‍ ഹാര്‍ദികിന്റെ മുഖത്ത് തോറ്റതിന്റെ നിരാശ പ്രകടമായിരുന്നു.
തനിക്ക് അധികം ഒന്നും പറയാനില്ലെന്നും മത്സരത്തില്‍ ഞങ്ങള്‍ രണ്ട് ഷോട്ടുകള്‍ക്ക് പിറകിലായത് തിരിച്ചടിയായെന്നും താരം പറഞ്ഞു. റണ്‍മഴ കണ്ടൊരു മത്സരമായിരുന്നു. പിച്ച് ഒരുക്കിയത് വളരെ നന്നായിരുന്നു. ഈ പിച്ചില്‍ ബാറ്റര്‍മാരെ പിടിച്ചുകെട്ടാന്‍ പ്രയാസമാണ്. ബൗളര്‍മാരെ കുറ്റം പറയാന്‍ സാധിക്കില്ല. വളരെ പ്രയാസമേറിയ ട്രാക്കാണിത്. ഞങ്ങള്‍ക്ക് അധികം ഓപ്ഷനുകളില്ലായിരുന്നു. രോഹിതിന്റെ തിരിച്ചവരവില്‍ ഞങ്ങള്‍ക്ക് തോന്നി നമന്‍ കുറച്ചുകൂടി താഴേക്ക് ഇറങ്ങട്ടെയെന്ന്. തിലക് ഗംഭീരമായിരുന്നു. ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞു.
ഇന്നലത്തെ കളിയിലെ തോല്‍വിയോടെ അഞ്ച് കളികളില്‍ നാല് തോല്‍വിയും ഒരു ജയവുമാണ് മുംബൈ ടീമിന്. ഇനിയും ടൂര്‍ണമെന്റില്‍ തിരിച്ചുവരാനായില്ലെങ്കില്‍ ടീമിന്റെ പ്ലേഓഫ് പ്രതീക്ഷകള്‍ അസ്തമിക്കും.