പേരിന് മാത്രം ഹാർദിക് നായകൻ, സമ്മർദ്ദം താങ്ങാനാകാതെ വന്നപ്പോൾ നിയന്ത്രണം ഏറ്റെടുത്ത് രോഹിത് ശർമ്മ; ഇന്നലത്തെ അതിനിർണായക ട്വിസ്റ്റിനെക്കുറിച്ച് ഹർഭജൻ സിങ് പറയുന്നത് ഇങ്ങനെ

ഇന്ത്യൻ പ്രീമിയർ ലീഗ് 2024-ൽ മുംബൈ ഇന്ത്യൻസ് ഇന്നലെ നടന്ന മത്സരത്തിൽ വിജയം സ്വന്തമാക്കിയെങ്കിലും ഹാർദിക് പാണ്ഡ്യക്ക് കാര്യങ്ങൾ അത്ര നല്ല രീതിയിൽ അല്ല മുന്നോട്ട് പോകുന്നത് . ഗുജറാത്ത് ടൈറ്റൻസിനൊപ്പം ആയിരുന്ന കാലത്ത് ആത്മവിശ്വാസമുള്ള കളിക്കാരനായിരുന്നു അദ്ദേഹം, എന്നാൽ രണ്ടാം അങ്കത്തിനായി മുംബൈയിൽ എത്തിയപ്പോൾ കാര്യങ്ങൾ അത്ര നല്ല രീതിയിൽ അല്ല മുന്നോട്ട് പോകുന്നത്. പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ സമ്മർദം താങ്ങാനാവാതെ അവസ്ഥ വന്നപ്പോൾ രോഹിത് ശർമ്മയെ ടീമിനെ നയിക്കാൻ അനുവദിച്ച് ഹാർദിക് സ്വയം പിന്മാറുന്നതും ഇന്നലെ കണ്ടു.

രോഹിതിൻ്റെ നിർദ്ദേശങ്ങൾ അനുസരിച്ചാണ് ഹാർദിക് കളിയുടെ അവസാന നിമിഷം നിന്നത്. 10 റൺസ് മാത്രം എടുത്ത് ഹാർദിക് വീണ്ടും ബാറ്റ് കൊണ്ട് നിരാശപ്പെടുത്തി. ശേഷം ജയം ഉറപ്പിച്ച മത്സരത്തിൽ ശശാങ്ക് സിംഗും അശുതോഷ് ശർമ്മയും എംഐ ബൗളർമാരെ ഫോറും സിക്‌സും അടിച്ച് തകർത്തപ്പോൾ സ്റ്റാർ ഓൾറൗണ്ടർ ബാക്ക്‌ഫൂട്ടിലേക്ക് പോയി, രോഹിത് വീണ്ടും ഹാർദിക്കിൻ്റെ രക്ഷയ്‌ക്കെത്തി. ഡെത്ത് ഓവറുകളിൽ സമ്മർദ്ദം താങ്ങാനും നല്ല രീതിയിൽ പന്തെറിയാനും ജെറാൾഡ് കോറ്റ്‌സിയും ആകാശ് മധ്‌വാളും ഉൾപ്പടെ ഉള്ളവരോട് സംസാരിക്കുന്നത് കണ്ടു.

രോഹിത് തന്നെ ഫീൽഡ് പ്ലെയ്‌സ്‌മെൻ്റുകൾ നിയന്ത്രിച്ചു. ഇന്നലെ 30-യാർഡ് സർക്കിളിലാണ് രോഹിത് നിലയുറപ്പിച്ചത്. എന്തായാലും മുംബൈ ജയിച്ചതോടെ ആശ്വാസം ആയെങ്കിലും ഹാർദിക്കിന് കാര്യങ്ങൾ അത്ര നല്ല രീതിയിൽ അല്ല ഇപ്പോഴും പോകുന്നതെന്ന് പറയാം.

മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗും ഈ വിഷയത്തിക്കുറിച്ച് സംസാരിച്ചു “ഹാർദിക് എംഐ ക്യാപ്റ്റനാണെങ്കിലും പഞ്ചാബിനെതിരായ മത്സരത്തിൽ രോഹിത്താണ് അവസാനം ടീമിനെ നയിച്ചത് . എല്ലാ തീരുമാനങ്ങളും എടുത്തിരുന്നത് രോഹിതായിരുന്നു. രോഹിത് മുന്നോട്ട് വരുന്നത് കാണാൻ നല്ല രസമുണ്ട്. ജസ്പ്രീത് ബുംറ പോലും തൻ്റെ അഭിപ്രായം രേഖപ്പെടുത്തി. ഈ മൂന്ന് പേരും എംഐയിലെ ഏറ്റവും സീനിയർ കളിക്കാരാണ്, അവർ ഒടുവിൽ ഒരു ഗ്രൂപ്പായി പ്രവർത്തിക്കുന്നു,” ഹർഭജൻ സിംഗ് പറഞ്ഞു.