ഇന്ത്യയ്ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി പേസർ ജസ്പ്രീത് ബുംറയെ പ്രശംസിച്ച് ഓസ്ട്രേലിയൻ ബാറ്റർ മാർനസ് ലബുഷാഗ്നെ. ടെസ്റ്റിൽ ലോകത്തിലെ ഏറ്റവും മികച്ച ബൗളർമാർക്കെതിരെ സ്വയം വെല്ലുവിളിക്കുന്നതിൽ താൻ എപ്പോഴും ആവേശഭരിതനാണെന്ന് ലബുഷാഗ്നെ പറഞ്ഞു.
ബോർഡർ-ഗവാസ്കർ ട്രോഫിയിൽ ഇന്ത്യയും ഓസ്ട്രേലിയയും അഞ്ച് ടെസ്റ്റുകളിൽ ഏറ്റുമുട്ടുമ്പോൾ ആവേശകരമായ പരമ്പരയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. ഓസ്ട്രേലിയയിൽ നടന്ന അവസാന രണ്ട് പരമ്പരകളും ഇന്ത്യ വിജയിച്ചതോടെ, 2014- 15 സമയത്ത് ട്രോഫി അവസാനമായി കൈവശം വച്ച ഓസീസ് വീണ്ടും ട്രോഫി വീണ്ടെടുക്കാൻ ആഗ്രഹിക്കുന്നു.
2018-19, 2020-21 വർഷങ്ങളിൽ ബുംറ തങ്ങളെ ബുദ്ധിമുട്ടിച്ചതിനെക്കുറിച്ചും താരത്തിന്റെ സ്കില്ലിനെക്കുറിച്ചും പറഞ്ഞത് ഇങ്ങനെയാണ്:
“ജസ്പ്രീത് ഒരു സെൻസേഷണൽ ബൗളറാണ്. അദ്ദേഹത്തിൻ്റെ കഴിവ് നിഷേധിക്കാനാവാത്തതാണ്, ജസ്പ്രീത് ആയാലും മറ്റേതെങ്കിലും മികച്ച ബൗളറായാലും മികച്ചവരെ നേരിടുന്നത് എല്ലായ്പ്പോഴും വലിയ വെല്ലുവിളിയാണ്. ഒരു ബാറ്റ്സ്മാൻ എന്ന നിലയിൽ നിങ്ങൾ ആഗ്രഹിക്കുന്നത് അതാണ്. ഏറ്റവും മികച്ചവരെ തോൽപ്പിക്കാനുള്ള വഴി കണ്ടെത്തുക എന്നതാണ് പ്രധാനം.”
നാല് ടെസ്റ്റുകളിൽ നിന്ന് 53.25 ശരാശരിയിൽ 426 റൺസ് നേടിയ ലബുഷാഗ്നെ 2020-21 സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായിരുന്നു. എന്നിരുന്നാലും പരമ്പര ഇന്ത്യ സ്വന്തമാക്കിയതോടെ താരത്തിന്റെ പ്രയത്നം പാഴായി.