'പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലരുത്'; ബുംറയെ ഇന്ത്യയുടെ ക്യാപ്റ്റനാക്കുന്നതിനെതിരെ കൈഫ്

രോഹിത് ശര്‍മ്മയില്‍ നിന്ന് ജസ്പ്രീത് ബുംറ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏറ്റെടുക്കുന്നതിനെതിരെ ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് രംഗത്ത്. ബുംറയേക്കാള്‍ ഉപരി ഒരു ബാറ്ററാണ് ആ റോളിന് കൂടുതല്‍ അനുയോജ്യമെന്ന് കൈഫ് അഭിപ്രായപ്പെട്ടു. രോഹിത് നേതൃത്വ ചുമതലകളില്‍നിന്ന് മാറിനില്‍ക്കുകയാണെങ്കില്‍ ടീമിനുള്ളില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ കെഎല്‍ രാഹുലിനെയോ ഋഷഭ് പന്തിനെയോ നായകനാക്കണമെന്ന് കൈഫ് നിര്‍ദ്ദേശിച്ചു.

ജസ്പ്രീത് ബുംമ്രയെ ഇന്ത്യയുടെ അടുത്ത ടെസ്റ്റ് ക്യാപ്റ്റനാക്കരുത്. കാരണം, കാര്യമായ പിന്തുണയില്ലാതിരുന്നിട്ടും ടീമിനായി എല്ലാം മറന്ന് പന്തെറിയുന്ന ഒരേയൊരു ബോളര്‍ ഇപ്പോള്‍ ബുംമ്ര മാത്രമാണ്. അതാണ് ഇപ്പോള്‍ പരിക്ക് പറ്റാന്‍ കാരണമായതും. ഇതാദ്യമായല്ല അദ്ദേഹത്തിന് പരിക്കേല്‍ക്കുന്നത്.അതുകൊണ്ടു തന്നെ ബുമ്രയെ ക്യാപ്റ്റനാക്കരുതെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.

ബിസിസിഐ ഇക്കാര്യങ്ങള്‍ കണക്കിലെടുക്കണം. ഋഷഭ് പന്തോ കെഎല്‍ രാഹുലോ രോഹിത്തിന്റെ പിന്‍ഗാമിയാവുന്നതാണ് നല്ലത്. ഇരുവരും ഐപിഎല്‍ ടീമുകളുടെ നായകന്‍മാരായിട്ടുണ്ട്. ബുംമ്രയെ ക്യാപ്റ്റനാക്കുന്നതോടെ അത് അയാളില്‍ അധിക സമ്മര്‍ദ്ദം ഉണ്ടാക്കുകയും പരിക്കേല്‍ക്കാനുള്ള സാധ്യത കൂട്ടുകയും ചെയ്യും. മുന്നിലുള്ള മികച്ചൊരു കരിയര്‍ അതോടെ ഇല്ലാതവും- കൈഫ് കൂട്ടിച്ചേര്‍ത്തു.

അടുത്തിടെ സമാപിച്ച ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ തുടര്‍ പരാജയങ്ങളെ തുടര്‍ന്ന് രോഹിത് ശര്‍മ്മ സിഡ്നി ടെസ്റ്റില്‍ നിന്ന് പുറത്തായതോടെയാണ് ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്‍സിയുടെ ഭാവിയെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ ഉയര്‍ന്നത്. മെല്‍ബണ്‍ ടെസ്റ്റ് രോഹിതിന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ അവസാനത്തേതായിരിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.