വരാനിരിക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫി 2025ൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ഇന്ത്യക്ക് സാധിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് സൗരവ് ഗാംഗുലി. ഗ്രൂപ്പ് എയിൽ ബംഗ്ലാദേശ്, പാകിസ്ഥാൻ, ന്യൂസിലാൻഡ് ടീമുകളെയാണ് ഇന്ത്യ നേരിടുക. സെലക്ടർമാർ അടുത്തിടെ 15 അംഗ ടീമിനെ പ്രഖ്യാപിക്കുക ആയിരുന്നു. വിരാട് കോഹ്‌ലി, രോഹിത് ശർമ്മ തുടങ്ങിയ താരങ്ങളുടെ പ്രകടനമാണ് ആരാധകർ ഉറ്റുനോക്കുന്നത് . ഓസ്‌ട്രേലിയയിലെ പരാജയങ്ങളുടെ പേരിൽ ഇരുവരും ഏറെ വിമർശനമാണ് ഇപ്പോൾ നേരിടുന്നത്.
ഐസിസി ടൂർണമെൻ്റിന് മുമ്പ് കോഹ്‌ലിയുടെ ഫോം ആശങ്കാജനകമാണെന്ന് അംഗീകരിക്കാൻ ഗാംഗുലി വിസമ്മതിച്ചു. “മിതാലി രാജിനെയും ജുലൻ ഗോസ്വാമിയെയും പോലെ വല്ലപ്പോഴും മാത്രം സംഭവിക്കുന്ന പ്രതിഭാസമാണ് വിരാട് കോഹ്‌ലി. ഒരുപക്ഷേ ലോകം കണ്ട ഏറ്റവും മികച്ച വൈറ്റ് ബോൾ ക്രിക്കറ്റർ അദ്ദേഹമായിരിക്കും. പെർത്തിൽ സെഞ്ച്വറി നേടിയതിന് ശേഷം അദ്ദേഹം നിരാശപ്പെടുത്തി എന്നുള്ളത് വസ്തുതയാണ്. ഞാൻ കോഹ്‌ലിയുടെ ഭാഗത്ത് നിന്ന് ഒരു വലിയ പരമ്പര പ്രതീക്ഷിച്ചിരുന്നു, പക്ഷേ അത് നടന്നില്ല.”
“ഓരോ കളിക്കാരനും ശക്തിയും ബലഹീനതയും ഉണ്ട്. എന്നാൽ പ്രധാന കാര്യം നിങ്ങൾ വർഷങ്ങളായി കളിക്കുമ്പോൾ ആ ബലഹീനതകളുമായി എങ്ങനെ പൊരുത്തപ്പെടുന്നു എന്നതാണ്. വിരാട് കോഹ്‌ലിയിൽ ഒരുപാട് ക്രിക്കറ്റ് ബാക്കിയുണ്ടെങ്കിലും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര അദ്ദേഹത്തിന് വലിയ വെല്ലുവിളിയാകും. ചാമ്പ്യൻസ് ട്രോഫിയിലേക്കുള്ള അദ്ദേഹത്തിൻ്റെ ഫോമിനെക്കുറിച്ച് എനിക്ക് ആശങ്കയില്ല. ഞാൻ പറഞ്ഞതുപോലെ, അവൻ ഏറ്റവും മികച്ച വൈറ്റ്-ബോൾ ക്രിക്കറ്റ് കളിക്കാരനാണ്. ഏഷ്യൻ സാഹചര്യങ്ങളിൽ ടൂർണമെൻ്റ് നടക്കുന്നതിനാൽ ചാമ്പ്യൻസ് ട്രോഫിയിൽ അദ്ദേഹം റൺസ് നേടും.”
“2023ലെ ഏകദിന ലോകകപ്പിലെയും 2024ലെ ടി20 ലോകകപ്പിലെയും പ്രകടനങ്ങൾ കണക്കിലെടുത്ത് ചാമ്പ്യൻസ് ട്രോഫി നേടാനുള്ള പട്ടികയിൽ മുന്നിലാണ് ഇന്ത്യ,” സൗരവ് ഗാംഗുലി റെവ്‌സ്‌പോർട്‌സിനോട് പറഞ്ഞു.
Read more
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത്തിനെ ഇതിഹാസ താരവും പ്രശംസിച്ചു. “വൈറ്റ് ബോൾ ക്രിക്കറ്റിൽ രോഹിത് ശർമ്മ അസാധാരണനാണ്, ചാമ്പ്യൻസ് ട്രോഫി ആരംഭിക്കുമ്പോൾ നിങ്ങൾ വ്യത്യസ്തനായ രോഹിത് ശർമ്മയെ കാണും,” അദ്ദേഹം കൂട്ടിച്ചേർത്തു.