അവന്‍ അടുത്ത സെവാഗാണ്, ഇന്ത്യന്‍ യുവതാരത്തിനായി ശക്തമായ വാദവുമായി മൈക്കിൾ ക്ലാർക്ക്

ഇന്ത്യന്‍ യുവതാരം പൃഥ്വി ഷായിക്കായി വാദിച്ച് ഓസീസ് മുന്‍ നായകന്‍ മൈക്കിള്‍ ക്ലര്‍ക്ക്. മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനെ പോലെയൊരു താരമാണ് പൃഥ്വി ഷായെന്നും ഇന്ത്യന്‍ ടീം യുവതാരത്തില്‍ കൂടുതല്‍ വിശ്വാസം കാട്ടണമെന്നും ക്ലര്‍ക്ക് പറഞ്ഞു.

‘സെവാഗിനെ പോലെ എതിരാളികള്‍ക്ക് മേല്‍ നാശം വിതയ്ക്കാന്‍ കഴിവുള്ള കളിക്കാരനാണ് പൃഥ്വി ഷാ. സെവാഗ് ബുദ്ധിമാനായിരുന്നു. ആ ബ്രാന്‍ഡ് ക്രിക്കറ്റ് കാണാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാന്‍. ടോപ് ഓര്‍ഡറില്‍ അതുപോലെ ആക്രമിച്ച് കളിക്കുന്ന കളിക്കാരനെ വേണം. അതിനാലാണ് സെവാഗ് എന്റെ പ്രിയപ്പെട്ട കളിക്കാരില്‍ ഒരാളാവുന്നത്.’

‘പൃഥ്വി ഷായില്‍ ഇന്ത്യ വിശ്വാസം വെക്കുന്നത് കാണാനാണ് എനിക്ക് ഇഷ്ടം. പൃഥ്വി കൂടുതല്‍ സമയം ആവശ്യപ്പെടുന്നുണ്ട്. ഓസ്ട്രേലിയയില്‍ പൃഥ്വിയുടെ ആദ്യ അവസരമായിരുന്നു. നിര്‍ഭാഗ്യം കൊണ്ട് അഡ്ലെയ്ഡില്‍ പൃഥ്വിക്ക് മികവ് കാണിക്കാനായില്ല. ഇനിയും മികവോടെ പൃഥ്വി തിരിച്ചു വരും എന്നതില്‍ എനിക്കൊരു സംശയവും ഇല്ല’ ക്ലര്‍ക്ക് അഭിപ്രായപ്പെട്ടു.

വലിയ പ്രതീക്ഷയോടെ എത്തിയ പൃഥ്വിഷായ്ക്ക് ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ കാര്യമായ പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഡേ – നൈറ്റ് ടെസ്റ്റില്‍ പൂജ്യത്തിനും രണ്ടിനും പുറത്തായിരുന്നു. 2018 /19 ലും ഷാ ഇന്ത്യന്‍ടീമില്‍ അംഗമായിരുന്നങ്കിലും പരിശീലന മത്സരത്തില്‍ പരിക്കേറ്റിരുന്നു. ഇതോടെ ഒരു മത്സരം പോലുംകളിക്കാനുമായില്ല. 2021 ജൂണിൽ, ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യയുടെ ഏകദിന ഇന്റർനാഷണൽ (ODI), ട്വന്റി 20 ഇന്റർനാഷണൽ (T20I) ടീമുകളിൽ അദ്ദേഹത്തെ ഉൾപ്പെടുത്തി. 3 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ഏകദിനത്തിൽ അദ്ദേഹം 24 പന്തിൽ 43 റൺസ് നേടി.2021 ജൂലൈ 25ന് ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്‌ക്കായി അദ്ദേഹം തന്റെ ടി20 ഐ അരങ്ങേറ്റം കുറിച്ചു.