2024ലെ ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യ വിജയിച്ചതു മുതല്‍ സെലക്ഷനും ടീം മാനേജ്മെന്റും അക്സര്‍ പട്ടേലിനോട് അന്യായമായാണ് പെരുമാറുന്നതെന്ന് ആകാശ് ചോപ്ര. എന്നിരുന്നാലും ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയില്‍ വൈസ് ക്യാപ്റ്റനായി ഓള്‍റൗണ്ടറെ നിയമിച്ചതിന്റെ പശ്ചാത്തലത്തിലാണ് ചോപ്രയുടെ തുറന്നടിക്കല്‍. ഇംഗ്ലണ്ടിനെതിരായ പരമ്പര അദ്ദേഹത്തെ ഫലപ്രദമായി ഉപയോഗിക്കുന്നതിന് തീരുമാനങ്ങളെടുക്കുന്നവരെ നിര്‍ബന്ധിച്ചേക്കാമെന്ന് ചോപ്ര കരുതുന്നു.
അക്‌സര്‍ പട്ടേലാണ് പുതിയ വൈസ് ക്യാപ്റ്റന്‍. അവന് അവസരങ്ങള്‍ ലഭിച്ചിരുന്നില്ല, ഓരോ തവണയും മാനേജ്മെന്റ് അനീതിയാണ് അവനോട് കാണിച്ചത്. സെലക്ഷന്‍ കമ്മിറ്റി ഇപ്പോള്‍ അവന് സ്ഥാനക്കയറ്റം നല്‍കി. ഇനി അവനെ പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തും, നായകന്‍ അദ്ദേഹത്തിന് നാല് ഓവറുകളുടെ ക്വാട്ട നല്‍കും- ആകാശ് ചോപ്ര പറഞ്ഞു.
ടി20 ലോകകപ്പില്‍ ഇന്ത്യയുടെ വിജയത്തില്‍ അക്സര്‍ പട്ടേലിന്റെ പങ്ക് നിര്‍ണായകമാണ്. എന്നിരുന്നാലും, അവനെ ശരിയായി ഉപയോഗിച്ചിട്ടില്ല. ഈ അവഗണനയ്ക്ക് പിന്നിലെ കാരണം എനിക്ക് മനസ്സിലാകുന്നില്ല. അദ്ദേഹത്തിന് ഇപ്പോള്‍ സൂര്യകുമാറുമായി ചര്‍ച്ച ചെയ്ത് എല്ലാ മത്സരങ്ങളിലും തനിക്ക് ഓവര്‍ നല്‍കാന്‍ ആവശ്യപ്പെടാം- ചോപ്ര കൂട്ടിച്ചേര്‍ത്തു.
ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ മത്സരം ജനുവരി 22ന് ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കും. ബിസിസിഐ 15 അംഗ ടീമിനെ ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു.