ഉമേഷിനെ ഇന്ത്യ ടി20 ടീമില്‍ തിരികെ എത്തിച്ചത് ചോദ്യം ചെയ്ത് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. മുഹമ്മദ് ഷമിയ്ക്ക് കോവിഡ് സ്ഥിരീകരിച്ച് സാഹചര്യത്തിലാണ് ഉമേഷ് യാദവിന് ഓസീസിനെതിരായ ടി20 പരമ്പരയിലേക്ക് ക്ഷണം വന്നത്.
‘അവസാന ടി20 ലോകകപ്പിന് ശേഷം ഇന്ത്യ നിരവധി ടി20 മത്സരങ്ങള്‍ കളിച്ചു. എന്നാല്‍ ഒരു മത്സരത്തില്‍ പോലും ഉമേഷ് യാദവിനും മുഹമ്മദ് ഷമിക്കും ഇന്ത്യ അവസരം നല്‍കിയില്ല. എന്നാല്‍ ലോകകപ്പിനായി നാല് ആഴ്ചകള്‍ മാത്രം ശേഷിക്കെ രണ്ട് പേരും ടീമിന്റെ ഭാഗമായി തിരിച്ചെത്തുന്നു. പദ്ധതികള്‍ ആശങ്കയുണ്ടാക്കുന്നതാണ്’ ആകാശ് ചോപ്ര ട്വിറ്ററില്‍ കുറിച്ചു.
2019ല്‍ ഓസ്‌ട്രേലിയക്കെതിരായ പരമ്പരക്ക് ശേഷം ഉമേഷ് യാദവ് ഇന്ത്യക്കായി ഒരു ടി20 മത്സരം പോലും കളിച്ചിട്ടില്ല. ഏഴ് ടി20കള്‍ മാത്രം ഇന്ത്യക്കായി കളിച്ചിട്ടുള്ള ഉമേഷ് ഒമ്പത് വിക്കറ്റുകളാണ് വീഴ്ത്തിയത്.
ഇന്ത്യ ടി20 ലോകകപ്പിലേക്ക് ബാക്കപ്പ് താരമായാണ് ഷമിയെ പരിഗണിച്ചിരുന്നത്. എന്നാല്‍ ഓസീസ് പരമ്പരയിലെയടക്കം പ്രകടനം വിലയിരുത്തി ഇന്ത്യ ഷമിയെ ലോകകപ്പ് ഇലവനിലേക്ക് പരിഗണിക്കാന്‍ സാധ്യതകളുണ്ടായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി താരത്തിന് വിട്ടുനില്‍ക്കേണ്ടി വരുന്നത് വലിയ തിരിച്ചടിയായിരിക്കുകയാണ്.
Read more
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നു ടി20കളുടെ പരമ്പരയ്ക്കു ചൊവ്വാഴ്ച തുടക്കമാവും. ചൊവ്വാഴ്ച രാത്രി 7.30 മുതല്‍ മൊഹാലിയിലാണ് ആദ്യ പോരാട്ടം. ലോകകപ്പിന്റെ ആതിഥേയരായ ഓസീസും ഏഷ്യാകപ്പ് തോല്‍വി കഴിഞ്ഞെത്തുന്ന ഇന്ത്യയും ജയത്തില്‍ കുറഞ്ഞതൊന്നും പരമ്പരയില്‍ ലക്ഷ്യമിടുന്നില്ല.