അന്ന് അറിയാതെ ടീമിൽ എടുത്തവൻ ഇന്ന് ഇതിഹാസം; ബ്ലഡി പോയേറ്റിക്ക് ജസ്റ്റിസ്; കിങ്‌സ് ഇലവൻ പഞ്ചാബിന്റെ രക്ഷകൻ ശശാങ്ക് സിംഗ്

ക്രിക്കറ്റ് താരങ്ങളെ സംബന്ധിച്ച് 30 വയസ് ആകുമ്പോൾ കരിയർ അവസാനിച്ചു എന്ന തോന്നൽ ഉണ്ടാകുന്ന പ്രായമാണ്. പലരും തന്റെ പാഷൻ വിട്ടു കുടുംബത്തിന് വേണ്ടി അധ്വാനിക്കാൻ വേണ്ടി ക്രിക്കറ്റ് ഉപേക്ഷിക്കുന്ന കാഴ്ചയാണ് നാം കാണാറ്. എന്നാൽ തന്റെ 32 ആം വയസിൽ ശശാങ്ക് സിങ് എന്ന ഛത്തീസ്ഗഢുകാരന് ജീവിതത്തിലെ സുവർണ്ണ കാലഘട്ടം തുടങ്ങാൻ പോകുന്നതേ ഉണ്ടായിരുന്നോള്ളൂ. കഴിഞ്ഞ ഐപിഎലിൽ അറിയാതെ ടീമിലേക്ക് എടുത്തവനിൽ നിന്നും ഇന്ന് അറിഞ്ഞോണ്ട് എടുത്തവനാകാൻ താരത്തിന് സാധിച്ചിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ കാറ്റിനാധ്വാനം ഒന്ന് കൊണ്ട് മാത്രമാണ്.

കഴിഞ്ഞ ഐപിഎൽ താരലേലത്തിൽ ഏറ്റവും കൂടുതൽ കളിയാക്കലുകൾ നേരിട്ട താരമായിരുന്നു ശശാങ്ക് സിങ്. പ്രീതി സിന്റയുടെ കിങ്‌സ് ഇലവൻ പഞ്ചാബിലേക്ക് അറിയാതെ തിരഞ്ഞെടുക്കപ്പെട്ട താരമായിരുന്നു അദ്ദേഹം. മറ്റൊരു കളിക്കാരനാണ് എന്ന് തെറ്റിദ്ധരിക്കപ്പെട്ട് പഞ്ചാബിലേക്ക് വന്ന ശശാങ്ക് ചുരുങ്ങിയ സമയം കൊണ്ട് ഇതിഹാസമായി മാറി. കഴിഞ്ഞ സീസണിൽ 14 മത്സരങ്ങളിൽ നിന്നായി അദ്ദേഹം 354 റൺസ് ആണ് അടച്ചെടുത്തത്.

മുംബൈക്കായി ഒരുപാട് മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടുള്ള താരം നാളുകൾ ഏറെയായി ഇന്ത്യൻ ടീമിലേക്ക് പ്രവേശിക്കാൻ കഷ്ടപെടുകയായിരുന്നു. ഒരുപാട് തവണ ടീമിൽ നിന്നും ടൂർണമെന്റുകളിൽ നിന്നും തഴയപ്പെട്ടു. ഐപിഎല്ലില്‍ ഡല്‍ഹി, രാജസ്ഥാന്‍, ഹൈദരാബാദ് ടീമുകളുടെ റിസര്‍വ് ബെഞ്ചിലിരിക്കേണ്ടിവന്നിട്ടും ചിലപ്പോള്‍ താരലേലത്തില്‍ ഇടം ലഭിക്കാതിരുന്നിട്ടും ശശാങ്ക് പതറിയില്ല. കഴിഞ്ഞ ലേലത്തിൽ എല്ലാവരും അദ്ദേഹത്തിന്റെ പേര് കേട്ട് ചിരിച്ചു. എന്നാൽ എല്ലാ പരിഹാസങ്ങളും സ്വയം മനസ്സിൽ ഒതുക്കി അദ്ദേഹം ബാറ്റ് കൊണ്ട് മറുപടി നൽകി.

തെറ്റ് പറ്റി കിങ്‌സ് ഇലവൻ പഞ്ചാബ് തിരഞ്ഞെടുത്ത താരത്തിന് ദൈവം നൽകിയ ശെരിയായ ഒരു തെറ്റായിരുന്നു അത്. ഈ വർഷം നടന്ന ഐപിഎലിൽ അദ്ദേഹത്തിന്റെ തലവര മാറിയത് ഗുജാറാത്തിനെതിരേ നേടിയ 29 പന്തില്‍ നിന്നും 61 റണ്‍സ് അടിച്ചെടുത്തപ്പോഴായിരുന്നു. പിന്നീട് ഹൈദരാബാദിനെതിരെ 25 പന്തില്‍ 46 റണ്‍സുമായി പുറത്താകാതെ നിന്നു. മുംബൈ ഇന്ത്യന്‍സിനെതിരേ 25 പന്തില്‍ 41 റൺസും അടിച്ചെടുത്തു. അവസാനം കൊല്‍ക്കത്തയ്ക്കെതിരേ മികച്ച വിജയം പഞ്ചാബ് സ്വന്തമാക്കിയപ്പോള്‍ 28 പന്തില്‍ 68 റണ്‍സുമായി ക്രീസില്‍ തുടര്‍ന്ന ശശാങ്ക് ഐപിഎലിൽ തന്റെ മുദ്ര പതിപ്പിച്ചിരുന്നു. ഇനി അദ്ദേഹം തന്റെ വിജയ യാത്ര അടുത്ത ഐപിഎലിൽ തുടരാനുള്ള പരിശ്രമത്തിലാണ്. തുടർന്ന് ഇന്ത്യൻ നീല കുപ്പായം അണിയാൻ സാധിക്കട്ടെ എന്ന പ്രതീക്ഷയിലുമാണ് ആരാധകർ.