ഹെഡിങ്‌ലിയിലും, എഡ്ജ് ബാസ്റ്റ്ണിലുമൊക്കെ, അച്ചു വെച്ചതുപോലെ നിരത്തിനിര്‍ത്തിയ പാക്കഡ് ഓഫ്സൈഡ് ഫീല്‍ഡര്‍മാരെ സ്തബ്ദരാക്കി കൊണ്ട്, നീല്‍ വാഗ്ഗ്‌നറുടെയും, പാറ്റ് കമ്മിന്‍സിന്റെയും മൊക്കെ 95 മൈല്‍ ഫുള്ളര്‍ ലെങ്ത് ഡെലിവറികളെ, നാടാടെ സ്റ്റാന്‍ഡ് ചേഞ്ച് ചെയ്ത് റിവേഴ്സ് സ്‌കൂപ്പില്‍ , തേര്‍ഡ് മാന് മുകളിലൂടെ സിക്‌സര്‍ പറത്തുന്ന ജോ റൂട്ടിനെ ഓര്‍മ്മിക്കുന്നുണ്ട് ഞാന്‍.
പെനാല്‍റ്റി ബോക്‌സിന്റെ മടുപ്പിക്കുന്ന ഏകാന്തതയില്‍ ജാഗ്രതപൂണ്ട് നില്‍ക്കാതെ, ശത്രുവിന്റെ ഗോള്‍ പോസ്റ്റിനെ ലക്ഷ്യമാക്കി പന്തുമായി മുന്നേറിയ ‘റിനെ ഹിഗ്വിറ്റയെന്ന’ കൊളമ്പ്യന്‍ ഗോള്‍ കീപ്പറെപോലെ, മക്കല്ലം -സ്റ്റോക്‌സ് ബാസ്‌ബോള്‍ കാലത്തെ ജോ റൂട്ടും, കണ്‍വെന്‍ഷണല്‍ ബാറ്റിങ് ശൈലിയുടെ അതിര്‍ത്തികള്‍ ലംഘിച്ച് സാഹസികതയുടെ നിതാന്ത കാമുകനായി മാറുകയായിരുന്നു.
സാഹസികതയില്‍ അഭിരമിച്ച അയാള്‍ക്ക്, എവിടെയൊക്കെയോ തന്റെ സ്വത്വം നഷ്ട്മായി തുടങ്ങിയിരുന്നു. അയാളുടെ പിഴവുകള്‍ക്കായി ഇന്ത്യന്‍ മണ്ണില്‍ ‘റോജര്‍ മില്ലമാര്‍’ കാത്തിരിക്കുന്നുണ്ടായിരുന്നു. രാജ്‌കോട്ടില്‍ ബുമ്രയെ റിവേഴ്സ് സ്‌കൂപ് ചെയ്ത് ജയ്‌സ്വാളിന് ക്യാച്ച് നല്‍കി മടങ്ങുന്ന റൂട്ട്, ആ ടെസ്റ്റിലെ ഇംഗ്ലണ്ടിന്റെ തകര്‍ച്ചയ്ക്ക് തന്നെ കാരണമായിരുന്നു.
അത്തരം വീഴ്ചകള്‍ അയാളെ സ്വയം ഒരു പുനര്‍ചിന്തന പ്രക്രീയയ്ക്ക് വിധേയനായിരിക്കുന്നു എന്നതിന്റെ ദൃഷ്ടാന്തമായിരുന്നു റാഞ്ചി ടെസ്റ്റിലെ സെഞ്ച്വറി. 112/5 എന്ന അവസ്ഥയില്‍, വെരിയബിള്‍ ബൗണ്‍സുള്ള, ഇടയ്ക്ക് പന്ത് ലോ ആവുന്ന, ക്രാക്കുള്ള ഒരു പിച്ചില്‍, പന്തിന്റെ ടേണിനെ അബ്‌സോര്‍ബ് ചെയ്ത്, ജാഗ്രതയോടെ കോപ്പി ബുക്ക് ശൈലിയില്‍ കളിച്ച്, ബാസ്‌ബോള്‍ ഇറയിലെ ഒരു ഇംഗ്ലീഷ് ബാറ്ററുടെ ഏറ്റവും വേഗത കുറഞ്ഞ സെഞ്ച്വറി നേടികൊണ്ട്, അയാള്‍ ഇംഗ്ലണ്ടിനെ ഈ ടെസ്റ്റില്‍ ഡ്രൈവിംഗ് സീറ്റില്‍ എത്തിച്ചിരിക്കുകയാണ്.
ഓണ്‍ ഡ്രൈവുകള്‍, ലേറ്റ് കട്ടുകള്‍, ബാക്ക് വേര്‍ഡ് പഞ്ചുകള്‍…122*(274), എപ്പിട്ടോം ഓഫ് കണ്‍വെന്‍ഷണല്‍ ക്രിക്കറ്റ്. ഫാന്‍സി ഷോട്ടുകളെ കോള്‍ഡ് സ്റ്റോറേജില്‍ വെച്ച്, ഉന്മാദിയായ എല്‍-ലോക്കോയുടെ കുപ്പായമൂരിമാറ്റി,
ജോ റൂട്ട് തന്റെ വേരുകളിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു.
Read more
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍