ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ റിവേഴ്സ് സ്വിംഗിനെ നേരിടാനുള്ള തൻ്റെ സാങ്കേതികത വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ്. തൻ്റെ പ്രസിദ്ധമായ കരിയറിൽ, സച്ചിന് വഖാർ യൂനിസ്, വസീം അക്രം എന്നിവരെയും പിന്നീട് ഡെയ്ൽ സ്റ്റെയ്ൻ, ജെയിംസ് ആൻഡേഴ്സൺ, ഉമർ ഗുൽ എന്നിവരെയും നേരിട്ടപ്പോൾ അവരെല്ലാവരും എക്കാലത്തെയും മികച്ച റിവേഴ്സ് സ്വിംഗ് ബൗളർമാരിൽ പ്രമുഖർ ആയിരുന്നു.
അവരെ നേരിടാൻ, സച്ചിൻ ടെന്നീസ് ബോൾ ടേപ്പ് ചെയ്യുകയും അത് ഉപയോഗിച്ച് പരിശീലിക്കുകയും ചെയ്തിരുന്നതായിട്ട് പറഞ്ഞിരിക്കുകയാണ്. തിളങ്ങുന്ന വശം ഏതെന്ന് അറിയാൻ താൻ പന്ത് സൂക്ഷ്മമായി നിരീക്ഷിക്കാറുണ്ടെന്നും അതിനനുസരിച്ച് തൻ്റെ ഷോട്ടുകൾ കളിക്കാറുണ്ടെന്നും മുൻ ക്രിക്കറ്റ് താരം പറഞ്ഞു.
“എൻ്റെ കരിയറിൽ, ഞാൻ പന്ത് ഒരു വശത്ത് നിന്ന് ടേപ്പ് ചെയ്യുമായിരുന്നു. സീസൺ (ലെതർ) പന്തുകളിൽ, ഞാൻ തിളങ്ങുന്നതും പരുക്കൻ വശവും തിരയുമായിരുന്നു. റിവേർസ് സ്വിങ് കണ്ട് പിടിക്കാൻ ആയിരുന്നു അത്. ടെന്നീസ് ബോളിൽ ഞാൻ ഒരു വശത്ത് ടേപ്പ് പ്രയോഗിക്കും എന്നിട്ടാണ് കളിച്ചിരുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ റിവേർസ് സ്വിങ്ങിനെ നേരിടാൻ എനിക്ക് എന്റെ തന്ത്രങ്ങൾ ഉണ്ടായിരുന്നു ”സച്ചിൻ പറഞ്ഞു.
ഇന്ത്യ നിലവിൽ ഇത്തരത്തിൽ റിവേഴ്‌സ് സ്വിങ് കളിക്കാൻ മികവുള്ള താരങ്ങളെ തേടുക ആണെന്ന് തന്നെ പറയാം. മാറുന്ന ക്രിക്കറ്റ് കാലത്ത് ഇത്തരം സാങ്കേതിക മികവുള്ള താരങ്ങൾ കുറവാണ്.