ഞാൻ ആ താരത്തിന്റെ ഫാനായി മാറി കഴിഞ്ഞിരിക്കുന്നു, അവൻ ചെയ്തത് പോലെ ഒരു കാര്യം ആരും ചെയ്തിട്ടില്ല: സഹീർ ഖാൻ

ഇന്നലെ നടന്ന മത്സരത്തിൽ തൻ്റെ ടീമിനെ തോൽവി ഉറപ്പിച്ച നിമിഷത്തിൽ നിന്ന് അവസാനം വരെ പൊരുതുന്ന ഘട്ടത്തിലേക്ക് എത്തിച്ച തകർപ്പൻ ബാറ്റിംഗിന് പഞ്ചാബ് കിംഗ്സ് ബാറ്റിംഗ് താരം അശുതോഷ് ശർമ്മയെ അഭിനന്ദിച്ച് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ പേസർ സഹീർ ഖാൻ . 7 വിക്കറ്റ് നഷ്ടത്തിൽ 111 എന്ന നിലയിൽ തകർന്ന ടീമിനെ അശുതോഷ് വെറും 28 പന്തിൽ 61 റൺസ് നേടി താരം രക്ഷിക്കുക ആയിരുന്നു. ഒടുവിൽ അവസാന നിമിഷം വീണെങ്കിലും ആ ബാറ്റിംഗിന് അഭിനന്ദനമാണ് ഇപ്പോൾ കിട്ടുന്നത്.

ജസ്പ്രീത് ബുംറയുടെ ഒരു യോർക്കർ ഒരു കൂറ്റൻ സിക്സറിന് പറത്തി അശുതോഷ് എല്ലാവരെയും അമ്പരപ്പിച്ചു. 7 സിക്‌സറുകളും 2 ബൗണ്ടറികളും അടങ്ങുന്നതായിരുന്നു ബാറ്ററുടെ ഇന്നിംഗ്‌സ്. ബുംറയുടെ യോർക്കർ കൃത്യമായി പ്രതീക്ഷിച്ച് “സോണിൽ” നോക്കി, ധീരമായ സ്വീപ്പ് ഷോട്ട് കൃത്യതയോടെ അടിച്ചതിന് അശുതോഷിനെ സഹീർ പ്രശംസിച്ചു.

” ബുംറയുടെ ബൗളിംഗിൽ അവിശ്വസനീയമായ സ്വീപ്പ് ഷോട്ട് കളിക്കുന്ന അശുതോഷ് ലെവൽ താരമായി എനിക്ക് തോന്നുന്നു. ബുംറയുടെ യോർക്കറിനെതിരെ ഇത്തരമൊരു സ്വീപ്പ് ഷോട്ട് ആരും മുൻകൂട്ടി കാണുകയും നടപ്പിലാക്കുകയും ചെയ്യുന്നത് ഞങ്ങൾ കണ്ടിട്ടില്ല – പന്ത് റീഡ് ചെയ്യാനും സ്വീപ്പ് ഷോട്ടിന് പൊസിഷനിൽ എത്താനുമുള്ള അശുതോഷിൻ്റെ കഴിവ് ശരിക്കും ശ്രദ്ധേയമാണ്, ”സഹീർ ഖാൻ പറഞ്ഞു.

41 റൺസെടുത്ത ശശാങ്ക് സിംഗിനെ സഹീർ പ്രശംസിക്കുകയും ചെയ്തു. 4 വിക്കറ്റിന് 14 എന്ന നിലയിൽ പിബികെഎസ് ബുദ്ധിമുട്ടുമ്പോൾ ശശാങ്ക് മികച്ച ഇന്നിംഗ്‌സാണ് കളിച്ചത് എന്നും മുൻ താരം പറഞ്ഞു. രണ്ട് ബാറ്റർമാരുടെയും അവിശ്വസനീയമായ ശ്രമമാണിതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. അതേസമയം പഞ്ചാബിനായി ശശാങ്ക്, അശുതോഷ് എന്നിവർ ഒഴികെയുള്ള താരങ്ങളുടെ മോശം പ്രകടനമാണ് പഞ്ചാബിനെ ഈ സീസണിൽ ബാധിക്കുന്നത്.