അഡ്ലെയ്ഡ് ഓവലില്‍ പിങ്ക് ബോള്‍ ടെസ്റ്റിനിടെ മുഹമ്മദ് സിറാജും ട്രാവിസ് ഹെഡും തമ്മിലുള്ള വാക്ക് തര്‍ക്കത്തില്‍ പ്രതികരണവുമായി ഓസ്ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ്. ഗ്രൗണ്ടിലെ പെരുമാറ്റത്തിന്റെ പശ്ചാത്തലത്തില്‍ സിറാജ് കുഴപ്പത്തിലാകുമെന്ന് തനിക്ക് അപ്പോഴേ അറിയാമായിരുന്നുവെന്ന് പോണ്ടിംഗ് അഭിപ്രായപ്പെട്ടു.
ഇത് വലിയ കാര്യമായിരുന്നില്ല, കമന്ററി ബോക്‌സില്‍ നിന്ന് ഞാന്‍ അത് കണ്ടു. ഡ്രസ്സിംഗ് റൂമിന്റെ ദിശ ചൂണ്ടിക്കാണിച്ച് ബാറ്റര്‍മാര്‍ക്ക് ഇത്തരത്തിലുള്ള അയയ്ക്കല്‍ ബോളര്‍മാര്‍ നല്‍കുന്നത് അമ്പയര്‍മാരും റഫറിമാരും ഇഷ്ടപ്പെടാത്തതിനാല്‍ മുഹമ്മദ് സിറാജിനെക്കുറിച്ച് ഞാന്‍ ആശങ്കാകുലനായിരുന്നു- റിക്കി പോണ്ടിംഗ് ഐസിസിയോട് പറഞ്ഞു.
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജും ട്രാവിസ് ഹെഡും തമ്മിലുണ്ടായ വാക്ക്‌പോരില്‍ ഐസിസി നടപടിയെടുത്തിരുന്നു. ഇരുവരും രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ പെരുമാറ്റച്ചട്ടം ലംഘിച്ചു എന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്.
ശക്തമായ വാക്കുകളും ആംഗ്യങ്ങളും ഉപയോഗിച്ചതിന് സിറാജിന് മാച്ച് ഫീസിന്റെ 20 ശതമാനമാണ് പിഴ ചുമത്തിയത്. താക്കീതാണ് ഹെഡിന് ഐസിസി വിധിച്ച ശിക്ഷ. ഇരു താരങ്ങള്‍ക്കും ഓരോ ഡീമെറിറ്റ് പോയിന്റും നല്‍കി. 24 മാസത്തിനിടെ ആദ്യമായാണ് ഇരുവര്‍ക്കും ഡീമെറിറ്റ് പോയിന്റ് ലഭിക്കുന്നത്.