പന്ത് സാര്‍, 27 കോടി പ്ലെയര്‍ സാര്‍; തുടര്‍ച്ചയായി പരാജയപ്പെടുന്ന താരത്തെ നിലത്ത് നിര്‍ത്താതെ ആരാധകര്‍

ഐപിഎല്‍ ലേലത്തില്‍ 27 കോടി കൊടുത്ത് റിഷഭ് പന്തിനെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിലെത്തിച്ചത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സ് വിട്ട പന്ത് ഏത് ടീമിനൊപ്പം ചേരുമെന്നും ലേലത്തില്‍ ഏത്ര കോടി നേടുമെന്നുമൊക്കെ വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ ഉറ്റുനോക്കിയത്. ഐപിഎല്‍ 2025ല്‍ കൊടുത്ത പൈസയ്ക്ക് അനുസരിച്ച് പന്ത് തിളങ്ങുമെന്ന് എല്ലാവരും പ്രതീക്ഷിച്ചെങ്കിലും തുടക്കത്തില്‍ താരം അടിപതറുന്ന കാഴ്ചയാണ് കാണാനാവുന്നത്. മധ്യനിരയില്‍ ഇതുവരെ ഇംപാക്ടുണ്ടാക്കിയ ഒരു പ്രകടനം നടത്താന്‍ റിഷഭ് പന്തിന് സാധിച്ചിട്ടില്ല. ആദ്യ മൂന്ന് മത്സരങ്ങളില്‍ 5.66 ശരാശരിയിലും 65.38 സ്‌ട്രൈക്ക് റേറ്റിലും 17 റണ്‍സ് മാത്രമാണ് ലഖ്‌നൗ നായകന് ഇതുവരെ നേടാനായത്.

കൂടാതെ ക്യാപ്റ്റന്‍സിയിലും ചില പാളിച്ചകള്‍ കഴിഞ്ഞ മത്സരങ്ങളില്‍ പന്തില്‍ നിന്നും ഉണ്ടായി. നിലവില്‍ പോയിന്റ് ടേബിളില്‍ ആറാം സ്ഥാനത്തായ ലഖ്‌നൗവിന് ആദ്യ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രമാണ് നേടാനായത്. അതേസമയം തുടര്‍ച്ചയായി പരാജയപ്പെടുന്ന റിഷഭ് പന്തിനെതിരെ വലിയ രീതിയിലുളള വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. 27 കോടിക്കുളള പ്രകടനമൊന്നും പന്തില്‍ നിന്നും ഉണ്ടാവുന്നില്ലെന്നാണ് പലരുടെയും അഭിപ്രായം. മത്സരങ്ങളുടെ നിര്‍ണായക സമയത്ത് ലഖ്‌നൗ ക്യാപ്റ്റനില്‍ നിന്നും നിരാശാജനകമായ പ്രകടനം ഉണ്ടാവുന്നു. കൂടാതെ ഇത്രയും തുകയ്ക്ക് ഐപിഎല്ലില്‍ കളിക്കുന്നത് താരത്തിന് സമ്മര്‍ദമുണ്ടാക്കുന്നുണ്ടോ എന്നും ചിലര്‍ ചോദിക്കുന്നു.

ഡല്‍ഹിക്കെതിരായ ആദ്യ മത്സരത്തില്‍ 12 ഓവറില്‍ 133 എടുത്ത് ടോപ് ഓര്‍ഡര്‍ കത്തിക്കയറിയ സമയത്ത് പൂജ്യത്തിന് പുറത്തായി ടീമിനെ വീണ്ടും സമ്മര്‍ദത്തിലാക്കിയ പന്തിന്റെ ഇന്നിങ്‌സെല്ലാം ആരാധകര്‍ എടുത്തുപറയുന്നുണ്ട്. കുല്‍ദീപിന്റെ ബോളില്‍ പുറത്തായ താരം സ്പിന്നിനെ നേരിടുന്നതില്‍ അന്ന് പരാജയപ്പെട്ടു. ഷോട്ട് സെലക്ഷനിലെ പാളിച്ച തന്നെയായിരുന്നു അന്നത്തെ പുറത്താവലിന് കാരണം. കുല്‍ദീപിന്റെ പന്തില്‍ ഫാഫ് ഡുപ്ലെസിസ് ക്യാച്ചെടുത്താണ് റിഷഭ് പുറത്തായത്. കൂടാതെ സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ 15 ബോളില്‍ 15 റണ്‍സായിരുന്നു ലഖ്‌നൗ ക്യാപ്റ്റന്റെ സംഭാവന. അന്ന് 191 റണ്‍സ് വിജയലക്ഷ്യത്തിന് മറുപടിയായി ബാറ്റേന്തിയ ലഖ്‌നൗ 8.4 ഓവറില്‍ 120ന് രണ്ട് വിക്കറ്റ് എന്ന നിലയില്‍ നില്‍ക്കേയായിരുന്നു താരത്തിന്റെ വരവ്. എന്നാല്‍ ഒരു സിക്‌സ്‌ മാത്രമാണ് പന്തിന് ടീം ടോട്ടലിലേക്ക് നല്‍കാനായത്.

കഴിഞ്ഞ ദിവസം പഞ്ചാബിനെതിരെ നടന്ന മത്സരത്തില്‍ രണ്ട് റണ്‍സ് മാത്രമെടുത്താണ് പന്ത് പുറത്തായത്. നാലാം ഓവറില്‍ 32ന് രണ്ട് വിക്കറ്റ് എന്ന നിലയില്‍ ലഖ്‌നൗ നില്‍ക്കെയാണ് താരത്തിന്റെ വരവ്. എന്നാല്‍ പവര്‍പ്ലേയില്‍ തകര്‍ത്തടിച്ച് ടീം സ്‌കോര്‍ കൂട്ടുന്നതിന് പകരം പെട്ടെന്ന് അനാവശ്യഷോട്ടിന് മുതിര്‍ന്ന് പന്ത് പുറത്താവുകയാണ് ചെയ്തത്. ഇത്തവണയും സ്പിന്‍ ബോളിങിന് മുന്നില്‍ അടിയറവുവച്ച താരം ഗ്ലെന്‍ മാക്‌സ്വെല്ലിനാണ് വിക്കറ്റ് സമ്മാനിച്ചത്.

Read more