രണ്ടും കല്‍പ്പിച്ച് ഐ.സി.സി; ഏകദിന ലോക കപ്പ് ഇന്ത്യ വിടുന്നു!

2023 ല്‍ ഇന്ത്യയില്‍ നടക്കാന്‍ നിശ്ചയിച്ചിരിക്കുന്ന ഏകദിന ലോകകപ്പില്‍ ആശങ്ക. ഇന്ത്യയെ വേദിയാക്കിയ തീരുമാനത്തില്‍നിന്ന് ഐസിസി പിന്മാറിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇന്ത്യന്‍ സര്‍ക്കാരിന്റെ നികുതി പ്രശ്‌നങ്ങളാണ് ഐസിസിയെ ഈ തീരുമാനത്തിന് നിര്‍ബന്ധിക്കുന്നത്.

ലോകകപ്പുമായി ബന്ധപ്പെട്ട് നികുതിയിളവുകള്‍ തങ്ങള്‍ക്ക് വേണമെന്ന ആവശ്യമാണ് ഐസിസി ബിസിസിഐക്ക് മുമ്പില്‍ വെച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ വേദി മാറ്റുന്ന തീരുമാനത്തിലേക്ക് ഐസിസി എത്തുമെന്നാണ് സൂചന.

ഐസിസിയുടെ നയമനുസരിച്ച് ആതിഥേയ രാജ്യം അതത് സര്‍ക്കാരുകളില്‍ നിന്ന് നികുതി ഇളവുകള്‍ ക്രമീകരിക്കേണ്ടതുണ്ട്. എന്നാല്‍, സര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ ബിസിസിഐ ഇക്കാര്യത്തില്‍ ഒന്നും ചെയ്തിട്ടില്ല എന്നാണ് അറിയുന്നത്. ഇതാണ് പുതിയ പ്രതിസന്ധിയ്ക്ക് കാരണം.

2016ല്‍ ഇന്ത്യ അവസാനമായി ടി20 ലോകകപ്പിന് ആതിഥേയത്വം വഹിച്ചപ്പോഴും നികുതി പ്രശ്നം പരിഹരിക്കുന്നതില്‍ ബിസിസിഐ പരാജയപ്പെട്ടിരുന്നു. ബിസിസിഐയുടെ വാര്‍ഷിക വിഹിതത്തില്‍ നിന്ന് ഐസിസി 190 കോടി രൂപ വെട്ടിക്കുറച്ചിരുന്നു.

Read more

2023 ലോകകപ്പിനുള്ള നികുതിയിളവ് ബിസിസിഐക്ക് ഇന്ത്യന്‍ സര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ കഴിയുന്നില്ലെങ്കില്‍ ബോര്‍ഡിന് 900 കോടി രൂപ നഷ്ടമാകും.