ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) മുഹമ്മദ് ഷമിയുടെ പരിക്കിനെ ശരിയായി കൈകാര്യം ചെയ്തില്ല. പരിക്കിനെ തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി ഷമി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടില്ല. 2023 ലെ ഏകദിന ലോകകപ്പിലായിരുന്നു ഇന്ത്യയ്ക്കുവേണ്ടി ഷമി അവസാനം കളിച്ചത്.
രഞ്ജി ട്രോഫിയോടെ മത്സര ക്രിക്കറ്റിലേക്ക് മടങ്ങിയ അദ്ദേഹം ബംഗാളിനായി സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും കളിച്ചു. ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയോട് ഷമിയുടെ ലഭ്യതയെക്കുറിച്ച് പലതവണ ചോദിച്ചപ്പോഴും ഷമി പരിക്കില്‍നിന്നും പൂര്‍ണ്ണമായി മുക്തനായില്ല എന്നായിരുന്നു മറുപടി. ടെസ്റ്റ് ക്രിക്കറ്റിന് ഷമി യോഗ്യനല്ലെന്നും റെഡ് ബോള്‍ ടീമിലേക്ക് മടങ്ങാന്‍ ഷമി സമയമെടുക്കുമെന്നും ബിസിസിഐയും അറിയിച്ചു. ഇപ്പോഴിതാ ഷമിയുടെ കാര്യത്തില്‍ ടീമിന് വ്യക്തതയില്ലാത്തതില്‍ ഇന്ത്യന്‍ മുന്‍ താരവും പരിശീലകനുമായ രവി ശാസ്ത്രി അതൃപ്തി പ്രകടിപ്പിച്ചു.
ആശയവിനിമയത്തിന്റെ അഭാവം എന്നെ അത്ഭുതപ്പെടുത്തുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവിനെ കുറിച്ച് ഒരു വിവരവും ലഭ്യമല്ല. അദ്ദേഹം വളരെക്കാലമായി എന്‍സിഎയില്‍ ഉണ്ട്. എന്നാല്‍ സുഖം പ്രാപിക്കുന്നതിനെക്കുറിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നുമില്ല.
ഞാനായിരുന്നെങ്കില്‍ അവനെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോകുമായിരുന്നു. മൂന്നാം ടെസ്റ്റിന് ശേഷം അദ്ദേഹം തയ്യാറായിരുന്നെങ്കില്‍ അവസാന രണ്ട് ടെസ്റ്റുകളില്‍ കളിപ്പിക്കുമായിരുന്നു. ഞാന്‍ അദ്ദേഹത്തിന് ചുറ്റും മികച്ച ഫിസിയോകളെ നിലനിര്‍ത്തുകയും പ്ലേയിംഗ് ഇലവനിലേക്ക് മടങ്ങാനുള്ള എല്ലാ അവസരങ്ങളും നല്‍കുകയും ചെയ്യുമായിരുന്നു- ശാസ്ത്രി പറഞ്ഞു.