ഇന്ത്യയ്ക്ക് ടി20 ലോകകപ്പ് ജയിക്കണമെങ്കില്‍ അവന്‍ ഉറപ്പായും ടീമില്‍ വേണം: കൃഷ്ണമാചാരി ശ്രീകാന്ത്

വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ വിരാട് കോഹ്ലി ഉണ്ടാകില്ലെന്ന് അഭ്യൂഹങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യന്‍ മുന്‍ നായകന്‍ കൃഷ്ണമാചാരി ശ്രീകാന്ത്. ഈ വര്‍ഷം ജനുവരിയില്‍ വിരാട് കോഹ്ലി ഒരു വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം ടി20 ടീമില്‍ തിരിച്ചെത്തിയിരുന്നു. 2022ലെ ടി20 ലോകകപ്പിന് ശേഷം അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലേക്ക് തിരിച്ചുവിളിക്കുന്നതിന് മുമ്പ് വരെ അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

ഇന്ത്യന്‍ മുന്‍ നായകന്‍ ടി20 ലോകകപ്പ് ടീമിന്റെ ഭാഗമാകുമെന്നതിന്റെ വലിയ സൂചനയാണ് ഈ തിരിച്ചുവിളിയെന്ന് പലരും വിശ്വസിച്ചിരുന്നു. എന്നാല്‍ കോഹ്ലിയെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താന്‍ സെലക്ടര്‍മാര്‍ തയ്യാറായിട്ടില്ലെന്നാണ് അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ട്. കിംവദന്തികള്‍ സത്യമാണോ അല്ലയോ എന്ന് സമയം മാത്രമേ പറയൂ എന്നും എന്തൊക്കെയായാലും കോഹ്‌ലി ഇന്ത്യന്‍ ടീമിന്റെ ഭാഗമാകണമെന്ന് ശ്രീകാന്ത് പറഞ്ഞു.

‘ഒരു സാധ്യതയുമില്ല. ടി20 ലോകകപ്പ് വിരാട് കോഹ്ലിയെ കൂടാതെ ഉണ്ടാകില്ല. 2022ലെ ടി20 ലോകകപ്പില്‍ നമ്മളെ സെമിഫൈനലിലെത്തിച്ചത് അദ്ദേഹമാണ്. ടൂര്‍ണമെന്റിലെ മാന്‍ ഓഫ് ദ ടൂര്‍ണമെന്റ്. ആരാണ് ഇതെല്ലാം പറയുന്നത്? ഈ കിംവദന്തികള്‍ പ്രചരിപ്പിക്കുന്നവര്‍, അവര്‍ക്ക് വേറെ പണിയൊന്നുമില്ലേ? എന്താണ് ഈ സംസാരത്തിന്റെ അടിസ്ഥാനം? ഇന്ത്യയ്ക്ക് ടി20 ലോകകപ്പ് ജയിക്കണമെങ്കില്‍ വിരാട് കോഹ്ലി ടീമില്‍ നിര്‍ബന്ധമാണ്- ശ്രീകാന്ത് തന്റെ യൂട്യൂബ് ഷോയില്‍ പറഞ്ഞു.

അമേരിക്കയും വെസ്റ്റിന്‍ഡീസും സംയുക്തമായാണ് ടി20 ലോകകപ്പിനു ആതിഥേയത്വം വഹിക്കുന്നത്. ഗ്രൂപ്പുഘട്ട മല്‍സരങ്ങള്‍ മാത്രമേ അമേരിക്കയില്‍ നടക്കുകയുള്ളൂ. ഫൈനലുള്‍പ്പെടെ ബാക്കിയെല്ലാ മത്സരങ്ങളും വിന്‍ഡീസില്‍ നടക്കും.

 20 ടീമുകളാണ് കുട്ടി ക്രിക്കറ്റിലെ ലോക ചാംപ്യന്‍ പട്ടത്തിനു വേണ്ടി പോരടിക്കുക. ഇതാദ്യമായാണ് ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇത്രയുമധികം ടീമുകള്‍ അണിനിരക്കുന്നത്. ജൂണ്‍ ഒന്നിന് ടൂര്‍ണമെന്റ് ആരംഭിക്കും.