രോഹിത് ശർമ്മ നിലവിലെ ഫോം നിലനിർത്തിയാൽ ചാമ്പ്യൻസ് ട്രോഫി നേടാനുള്ള ശക്തമായ സാധ്യതയാണ് ഇന്ത്യക്കുള്ളതെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ. എല്ലാ ഫോർമാറ്റുകളിലും വളരെ ബുദ്ധിമുട്ടേറിയ സമയത്തിലൂടെയും മോശം ഫോമിലൂടെയും കടന്നു പോയിരുന്ന രോഹിത്, ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ കട്ടക്കിൽ തൻ്റെ 32-ാം സെഞ്ച്വറി നേടി ഗംഭീര തിരിച്ചുവരവ് നടത്തി. ഈ ഇന്നിംഗ്‌സിന് മുമ്പ്, ഇന്ത്യൻ നായകൻ തൻ്റെ മുമ്പത്തെ 16 ഇന്നിങ്സിൽ നിന്ന് 166 റൺസ് മാത്രമാണ് നേടിയത്.
76 പന്തിൽ 12 ബൗണ്ടറിയും 7 സിക്സും പറത്തിയാണ് രോഹിത് സെഞ്ചുറി തികച്ചത്. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ നാല് വിക്കറ്റ് വിജയത്തിൽ അദ്ദേഹത്തിൻ്റെ ഇന്നിംഗ് നിർണായക പങ്ക് വഹിച്ചു. പിടിഐയോട് സംസാരിച്ച അസ്ഹറുദ്ദീൻ രോഹിതിൻ്റെ ഫോമിലേക്കുള്ള തിരിച്ചുവരവിനെ പ്രശംസിച്ചു, ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പുള്ള മികച്ച സമയത്താണ് ഇത് വന്നതെന്ന് ഊന്നിപ്പറഞ്ഞു.
“വിജയകരമായ ചാമ്പ്യൻസ് ട്രോഫിക്കായി രോഹിത് ശർമ്മയ്ക്ക് ആശംസകൾ. ടൂർണമെൻ്റിൽ രോഹിത് മികച്ച പ്രകടനം പുറത്തെടുത്താൽ ഇന്ത്യ വിജയിക്കുമെന്ന കാര്യത്തിൽ സംശയമില്ല. മികച്ച സമയത്താണ് അദ്ദേഹത്തിൻ്റെ ഫോമിലേക്കുള്ള തിരിച്ചുവരവ്-അസ്ഹറുദ്ദീൻ പറഞ്ഞു. ഇതിനിടയിൽ, എല്ലാ ഫോർമാറ്റുകളിലും ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ ഓപ്പണർ എന്ന സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡും രോഹിത് മറികടന്നു. രോഹിതിൻ്റെ സ്ഥിരോത്സാഹത്തെ അസ്ഹറുദ്ദീൻ അഭിനന്ദിച്ചു.
“പ്രയാസകരമായ സമയങ്ങളിൽ പോലും തളരാത്ത ഒരു മികച്ച കളിക്കാരനാണ് അദ്ദേഹം. അവൻ കഴിഞ്ഞ ദിവസം അസാധാരണമായി കളിച്ചു. റെക്കോർഡുകൾ തകർക്കാൻ ഉള്ളതാണ്. സച്ചിൻ ടെണ്ടുൽക്കറുടെ നാഴികക്കല്ല് മറികടന്നതിന് ഞാൻ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. അദ്ദേഹം ഈ ഫോം തുടരുമെന്നും ചാമ്പ്യൻസ് ട്രോഫിയിൽ മികവ് പുലർത്തുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.