ഇത് നടന്നാൽ സോഷ്യൽ മീഡിയ കത്തും, ടെസ്റ്റ് ക്യാപ്റ്റൻസി റോൾ ഏറ്റെടുക്കാൻ സീനിയർ താരം രംഗത്ത്; മിസ്റ്റർ മിസ്റ്റർ ഫിക്സ്-ഇറ്റ് ആകാൻ റെഡി എന്നും പറച്ചിൽ

ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‌ലി വീണ്ടും ടെസ്റ്റ് ടീമിൻ്റെ ക്യാപ്റ്റനായി തിരിച്ചെത്തിയേക്കും. റിപ്പോർട്ടുകൾ പ്രകാരം, രോഹിത്തിന് പകരം ടീമിനെ നയിക്കാൻ താൻ തയാറാണെന്ന് കോഹ്‌ലി അറിയിച്ചു എന്ന് പറയപ്പെടുന്നു. 2027 വരെ കളിക്കാനുള്ള ആഗ്രഹം വിരാട് കോഹ്‌ലി പ്രകടിപ്പിച്ചുവെന്നും പരിവർത്തന ഘട്ടത്തിൽ ടീമിൻ്റെ താൽക്കാലിക ക്യാപ്റ്റനാകാൻ ആഗ്രഹിക്കുന്നുവെന്നും മാധ്യമപ്രവർത്തകൻ അങ്കൻ കർ പറഞ്ഞു . എന്നാൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) അദ്ദേഹത്തിൻ്റെ ആവശ്യം അംഗീകരിക്കുമോ ഇല്ലയോ എന്ന് വ്യക്തമല്ല, പ്രത്യേകിച്ചും കുറച്ച് വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം നായക സ്ഥാനത്ത് നിന്ന് മാറിയ സാഹചര്യത്തിൽ.

നായകൻ എന്ന നിലയിൽ അതിദയനീയ പ്രകടനം തുടരുന്ന രോഹിത് ഉടൻ തന്നെ ടീമിന്റെ നായകസ്ഥാനത്ത് നിന്ന് മാറി നിൽക്കും. പകരം ജസ്പ്രീത് ബുംറ എത്തുമെന്ന് പ്രതീക്ഷിച്ച സമയത്താണ് കോഹ്‌ലി വീണ്ടും തന്റെ ആഗ്രഹം അറിയിക്കുന്നത്. ടീം വലിയ മാറ്റത്തിലൂടെ കടന്നുപോകുന്ന വർഷത്തിൽ യുവതാരങ്ങളെ നയിക്കാൻ ആക്രമണ ക്യാപ്റ്റന്സിയുടെ ആൾരൂപമായ കോഹ്‌ലിയെ ടീം പരിഗണിച്ചാലും അതിൽ ആരും തെറ്റ് പറയില്ല.

ഇന്ത്യൻ എക്‌സ്പ്രസിലും ഇതേ നിർദ്ദേശം നൽകിയ ഒരു റിപ്പോർട്ട് ഉണ്ടായിരുന്നു. വാർത്തയിൽ പേര് വെളിപ്പെടുത്തിയില്ലെങ്കിലും ടീമിലെ മുതിർന്ന താരങ്ങളിലൊരാൾ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കാൻ തയ്യാറാണെന്ന് അവർ വ്യക്തമാക്കി. തനിക്ക് ‘മിസ്റ്റർ ഫിക്സ്-ഇറ്റ്’ ആകാനും ഈ ഘട്ടത്തിൽ ടീമിനെ സഹായിക്കാനും കഴിയുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

ഇന്ത്യൻ ടീമിലെ യുവതാരങ്ങൾ നേതൃത്വപരമായ റോളുകൾ ഏറ്റെടുക്കാനുള്ള പാകതയിൽ എത്തിയില്ലെന്നും അദ്ദേഹം പറയുന്നു. അതിനാൽ, നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പരിവർത്തന ഘട്ടത്തിലൂടെ ടീം പോകുമ്പോൾ തനിക്ക് ക്യാപ്റ്റൻസി റോൾ ചെയ്യാൻ പറ്റുമെന്ന് അദ്ദേഹം പറയുന്നു.