IND vs BAN: 'രണ്ടാം ടെസ്റ്റില്‍ അവന്‍ ടീമിലുണ്ടാകില്ല'; പ്രവചനവുമായി മുന്‍ താരം

ബംഗ്ലാദേശിനെതിരെ കാണ്‍പൂരില്‍ നടക്കുന്ന രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ വലംകൈയ്യന്‍ ഫാസ്റ്റ് ബോളര്‍ ആകാശ് ദീപ് ടീമിന് പുറത്തായേക്കുമെന്ന് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര. ചെപ്പോക്ക് ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയ ആകാശ് ദീപിന് രണ്ടാം ഇന്നിംഗ്സില്‍ എറിഞ്ഞ ആറ് ഓവറില്‍ ഒരു ബാറ്ററെയും പുറത്താക്കാന്‍ കഴിഞ്ഞില്ല.

ആകാശ് ദീപ് കാണ്‍പൂരില്‍ കളിക്കില്ല. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും കളിച്ചാല്‍ ആകാശ് പുറത്താകും. കുല്‍ദീപ് യാദവ് കളിക്കും. ജസ്പ്രീത് ബുംറ വിശ്രമിക്കാന്‍ തീരുമാനിച്ചില്ലെങ്കില്‍ ആകാശിന് ഇത് അവസാന അവസരമാണ്- ആകാശ് ചോപ്ര പറഞ്ഞു.

ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 280 റണ്‍സിന്റെ കൂറ്റന്‍ വിജയം ആഘോഷിച്ചു. ഇന്ത്യ മുന്നോട്ടുവെച്ച 515 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്‌സില്‍ നാലാം ദിനം 234 റണ്‍സിന് ഓള്‍ഔട്ടായി. ആറ് വിക്കറ്റ് വീഴ്ത്തിയ ആര്‍ അശ്വിനാണ് ബംഗ്ലാദേശ് ബാറ്റിംഗ് നിരയെ തകര്‍ത്തത്.

 158ന് നാലെന്ന നിലയില്‍ നാലാംദിനം ആരംഭിച്ച ബംഗ്ലാദേശിനായി ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോയും ഷക്കീബ് അല്‍ ഹസനും പിടിച്ചുനിന്ന് രക്ഷാപ്രവര്‍ത്തനത്തിനുള്ള ശ്രമം നടത്തിയെങ്കിലും അശ്വിന്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 89 പന്തില്‍ 61 റണ്‍സാണ് നജ്മുല്‍ ഹുസൈന്‍ നേടിയത്. 56 പന്തില്‍ 25 റണ്‍സോടെ ഷാക്കിബ് പുറത്തായി. അധികം താമസിപ്പിക്കാതെ ബാക്കി വിക്കറ്റുകളും വേഗം വീണു.

നേരത്തേ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ അശ്വിന്റെ സെഞ്ച്വറിയുടെയും രവീന്ദ്ര ജഡേജയുടെ അര്‍ധ സെഞ്ച്വറിയുടെയും ബലത്തില്‍ 376 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശിനെ 149 റണ്‍സെടുക്കാനേ ആയുള്ളൂ. നാലുവിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും രണ്ടുവീതം വിക്കറ്റുകള്‍ നേടിയ മുഹമ്മദ് സിറാജ്, ആകാശ് ദീപ്, രവീന്ദ്ര ജഡേജ എന്നിവരുമാണ് ബംഗ്ലാദേശിനെ എറിഞ്ഞിട്ടത്.

227 റണ്‍സിന്റെ ലീഡോടെ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ 287-ന് നാല് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. ശുഭ്മാന്‍ ഗില്ലിന്റെയും (176 പന്തില്‍ 119*) ഋഷഭ് പന്തിന്റെയും (128 പന്തില്‍ 109) സെഞ്ച്വറികളാണ് രണ്ടാം ഇന്നിംഗസില്‍ ഇന്ത്യക്ക് കരുത്തായത്.

https://www.youtube.com/watch?v=5ZKnvxtmil4