മുട്ടിക്കളിച്ച് ഹനുമ 'ബിഹാരി' ക്രിക്കറ്റിനെ കൊന്നെന്ന് കേന്ദ്രമന്ത്രി; 'തിരുത്തി' കൊടുത്ത് വിഹാരി

പരിക്കിനോടും വംശീയ അധിക്ഷേപങ്ങളോടും പൊരുതി ഓസീസിനെതിരെ സിഡ്നിയില്‍ വിജയത്തോളം പോന്ന സമനില നേടിയെടുത്തതിന്റെ സന്തോഷത്തിലാണ് ഇന്ത്യന്‍ ടീമും ആരാധകരും. അശ്വിന്‍-വിഹാരി സഖ്യത്തിന്റെ അപരാജിത ചെറുത്തുനില്‍പ്പാണ് ഇന്ത്യയ്ക്ക് കരുത്തായത്. എന്നാല്‍ ഈ സന്തോഷവേളയില്‍ ടീമിനെ വിമര്‍ശിച്ചും ഒരു വിഭാഗം രംഗത്ത് വന്നു. അതിലൊരാള്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ ആയിരുന്നു.

ഇന്ത്യയുടെ വിജയസാദ്ധ്യതകളെ ഇല്ലാതാക്കി വിഹാരി ക്രിക്കറ്റിനെ കൊന്നുവെന്നായിരുന്നു സുപ്രിയോയുടെ വിമര്‍ശനം. എന്നാല്‍ ശക്തമായ വിമര്‍ശനത്തിന്റെ ഫോമില്‍ മന്ത്രിയ്ക്ക് താരത്തിന്റെ പേരു തെറ്റി. “വിഹാരി” എന്നതിന് പകരം “ബിഹാരി” എന്നാണ് മന്ത്രി തെറ്റായി കുറിച്ചത്. തന്റെ പേര് “ഹനുമ ബിഹാരി” എന്നെഴുതിയ ബാബുല്‍ സുപ്രിയോയുടെ ട്വീറ്റിന്, “ഹനുമ വിഹാരി” എന്ന തിരുത്തെഴുതിയാണ് താരം വിമര്‍ശത്തിന് മറുപടി നല്‍കിയത്.

“109 പന്തുകള്‍ നേരിട്ട് വെറും ഏഴു റണ്‍സ് മാത്രം നേടുക! തീര്‍ത്തും മോശമെന്നേ പറയാനുള്ളൂ. ഇന്ത്യയ്ക്ക് ചരിത്രപരമായൊരു ടെസ്റ്റ് വിജയം സമ്മാനിക്കാനുള്ള അവസരം മാത്രമല്ല ഹനുമ ബിഹാരി നഷ്ടമാക്കിയത്, മറിച്ച് ക്രിക്കറ്റിനെ തന്നെയാണ് അദ്ദേഹം കൊന്നത്. വിദൂര സാദ്ധ്യതയാണെങ്കില്‍ പോലും വിജയത്തിനായി ശ്രമിക്കാത്തത് കുറ്റം തന്നെയാണ്. പിഎസ്: ക്രിക്കറ്റിനെക്കുറിച്ച് എനിക്ക് ഒന്നുമറിയില്ലെന്ന് എനിക്ക് തന്നെ അറിയാം” ഇതായിരുന്നു സുപ്രിയോയുടെ ട്വീറ്റ്.

3rd Test: Ravichandran Ashwin, Hanuma Vihari Discuss "Really Really Special" Partnership At SCG | Cricket News

Read more

സിഡ്‌നിയില്‍ നാലാം ദിനം മൂന്നാം സെഷനിലും അവസാന ദിനമായ ഇന്നത്തെ മൂന്നു സെഷനിലുമായി 131 ഓവര്‍ പൊരുതി നിന്നാണ് ഇന്ത്യ സമനില പിടിച്ചത്. അശ്വിന്‍- വിഹാരി സഖ്യം വിക്കറ്റ് കാത്ത് 256 ബോളുകള്‍ പ്രതിരോധിച്ച് നിന്നാണ് ഇന്ത്യയ്ക്ക് സമനില നേടിക്കൊടുത്തത്. ഇതിനിടയില്‍ സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തതോ 62 റണ്‍സ് മാത്രം. വിഹാരി 161 ബോളില്‍ 23* റണ്‍സെടുത്തും അശ്വിന്‍ 128 ബോളില്‍ 39* റണ്‍സെടുത്തും പുറത്താകാതെ നിന്നു.