ബുംറയും ഷമിയും അല്ല, കോഹ്‌ലിയും രോഹിതും പോലെ അസാധ്യ റേഞ്ച് കാണിക്കുന്ന ഒരു ബോളർ ഇന്ത്യക്ക് ഉണ്ട്; അവനെ പേടിക്കണം: മൈക്കൽ ക്ലാർക്ക്

പരിക്കുകളുടെയും ഇന്ത്യൻ ടീമുകളിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന്റെയും ഒരു കാലഘട്ടത്തിന് ശേഷം കുൽദീപ് യാദവ് തന്റെ കരിയറിൽ ശക്തമായ ഒരു തിരിച്ചുവരവ് ആസ്വദിക്കുകയാണ് ഇപ്പോൾ. രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ, ഈ കാലഘട്ടത്തിൽ കണ്ടത് കുൽദീപ് വലിയ രീതിയിൽ ഉള്ള മുന്നേറ്റം നടത്തുന്ന കാഴ്ച്ചയാണ്. ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ വിജയത്തിൽ നിർണായക പങ്ക വഹിക്ക അദ്ദേഹം 7 വിക്കറ്റുകൾ നേടിയിരുന്നു. മികച്ച പ്രകടനത്തിന്റെ ഫലമായി ഐസിസി ഏകദിന ബൗളർ റാങ്കിംഗിൽ മൂന്നാം സ്ഥാനത്ത് എത്താനും താരത്തിന് സാധിച്ചു.

ടീമിലെ സ്ഥാനങ്ങൾക്കായി ശക്തമായ മത്സരം നിലനിൽക്കുന്നുണ്ടെങ്കിലും, കുൽദീപിന്റെ അസാധാരണമായ ഫോം കാരണം അയാൾ വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, രവീന്ദ്ര ജഡേജ എന്നിവരെപ്പോലെ ഒഴിച്ചുകൂടാനാവാത്തതായി മാറ്റാൻ സഹായിച്ചെന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഓസ്‌ട്രേലിയൻ മൈക്കൽ ക്ലാർക്ക്. കുൽദീപ് കൂടി ഭാഗമായ പരിപാടിയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

വാക്കുകൾ ഇങ്ങനെ:

“ചാമ്പ്യൻസ് ട്രോഫിയിൽ അടുത്തിടെ നിങ്ങളെ കണ്ടപ്പോൾ, കുൽദീപിന്റെ മികവ് എനിക്ക് മനസിലായതാണ്. അയാൾ ഇന്ത്യയ്ക്കായി മൂന്ന് ഫോർമാറ്റുകളിലും കളിക്കണമെന്ന് ഞാൻ കരുതുന്നു. എന്നിരുന്നാലും, ഇത്രയധികം സ്പിന്നർമാർ നിങ്ങളുടെ മുന്നിലുള്ളപ്പോൾ അത് എത്രത്തോളം വെല്ലുവിളി നിറഞ്ഞതാണെന്ന് എനിക്ക് മനസ്സിലാകും,” ബിയോണ്ട് 23 ക്രിക്കറ്റ് പോഡ്‌കാസ്റ്റിലെ ഒരു സംഭാഷണത്തിനിടെ അദ്ദേഹം റിസ്റ്റ് സ്പിന്നറോട് പറഞ്ഞു.

ക്ലാർക്കിന്റെ പ്രശംസയെ കുൽദീപ് അംഗീകരിച്ചു. താൻ തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണെന്ന് സമ്മതിച്ചു. കേവലം വൈറ്റ് ബോൾ ഫോർമാറ്റ് ബോളർ ആയിരുന്ന കുൽദീപിനെ രോഹിത് നായകൻ ആയി എത്തിയതോടെ ടെസ്റ്റ് ടീമിലും എടുത്തു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ 19 വിക്കറ്റുകൾ വീഴ്ത്തിയ അദ്ദേഹം തനിക്ക് ടെസ്റ്റിലും തിളങ്ങാൻ സാധിക്കുമെന്ന് തെളിയിച്ചു.

“കഴിഞ്ഞ 3-4 വർഷമായി ഞാൻ നന്നായി പന്തെറിയുന്നുണ്ട്. എന്റെ പരിക്കിനുശേഷം, ബാറ്റ്‌സ്മാന്മാരെ നന്നായി മനസ്സിലാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. പിച്ചിന്റെ അവസ്ഥ ഒരു പങ്കു വഹിച്ചെങ്കിലും, ഞാൻ നല്ല താളം നിലനിർത്തി. നാല് സ്പിന്നർമാരുള്ള ചാമ്പ്യൻസ് ട്രോഫിയിൽ, വിക്കറ്റുകൾ വീഴ്ത്തുന്നത് ബുദ്ധിമുട്ടാണ്, പക്ഷേ കൃത്യത, സ്ഥിരത, വ്യതിയാനങ്ങൾ എന്നിവ കൂട്ടിച്ചേർക്കുന്നതിൽ ഞാൻ ശ്രദ്ധ കേന്ദ്രീകരിച്ചു.”

അദ്ദേഹം ഇങ്ങനെ പറഞ്ഞു നിർത്തി ,” നവംബറിൽ ഹെർണിയ ശസ്ത്രക്രിയയ്ക്ക് ശേഷം, താളം വീണ്ടെടുക്കാൻ ബുദ്ധിമുട്ടായിരുന്നു. ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് ഇംഗ്ലണ്ടിനെതിരെ രണ്ട് മത്സരങ്ങൾ ഞാൻ കളിച്ചു, വ്യക്തിപരമായി, ടൂർണമെന്റ് എനിക്കും ടീമിനും നല്ല ഒന്നായിരുന്നുവെന്ന് ഞാൻ കരുതുന്നു.”