ജയ് ഷാ ഭരിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ്; വലതുപക്ഷ രാഷ്ട്രീയവും ചങ്ങാത്ത മുതലാളിത്തവും

ഇന്ത്യൻ ക്രിക്കറ്റ് എല്ലാ കാലത്തും രാഷ്ട്രീയ ആവശ്യങ്ങൾക്ക് കൂടി ഉപയോഗിച്ചിരുന്ന ഒരു കായിക ഇനമായിരുന്നു. മാറി മാറി വരുന്ന ഗവർമെന്റുകൾ അവരവരുടെ താൽപര്യങ്ങൾക്കനുസരിച്ച് ക്രിക്കറ്റ് ബോർഡിനെ കൈകാര്യം ചെയ്തു എന്നത് നിഷേധിക്കാനാവാത്ത സത്യമാണ്. ഇന്ത്യയിൽ രാഷ്ട്രീയം പോകുന്നിടത്ത് ക്രിക്കറ്റും പോകും എന്നതാണ് കൗതുകകരമായ കാര്യം. അനുരാഗ് താക്കൂർ, രാജീവ് ശുക്ല, ശരദ് പവാർ, വിലാസ്റാവു ദേശ്മുഖ്, മാധവറാവു സിന്ധ്യ, അരുൺ ജെയ്റ്‌ലി മുതൽ നരേന്ദ്ര മോദിയും അമിത് ഷായും വരെ ഇന്ത്യൻ ക്രിക്കറ്റിൽ നിർണായക സ്ഥാനം വഹിച്ചവരാണ്. കളിക്കാരുടെ തെരെഞ്ഞെടുപ്പിലുള്ള രാഷ്ട്രീയ സ്വാധീനം മുതൽ, സ്റ്റേഡിയങ്ങളുടെ പേരിടലും, പാക്കിസ്ഥാൻ്റെയും മുസ്‌ലിം കളിക്കാർക്ക് നേരെയുമുള്ള മുസ്‌ലിം വിരുദ്ധ ആക്രോശങ്ങളും മുതൽ ബിജെപി മൂന്നാം തവണ അധികാരത്തിലേറാനുള്ള ഒരു പ്രധാന ആയുധമായി വരെ ഇന്ത്യൻ ക്രിക്കറ്റ് ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ വൈര്യം തന്നെ ക്രിക്കറ്റിലും കൊണ്ടുവരാനുള്ള നിരന്തര ശ്രമങ്ങൾ ചരിത്രപരമായി തന്നെ ഇന്ത്യൻ ക്രിക്കറ്റിൽ അടങ്ങിയിരിക്കുന്നതായി കാണാം. അഹമ്മദാബാദിൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള അവസാന ടെസ്റ്റിനിടെ, ആരാധകർ അതിരുകടക്കുന്ന രംഗമുണ്ടായി. അന്നേ ദിവസത്തെ കളി കഴിഞ്ഞ് കളിക്കാർ ഡഗൗട്ടിന് സമീപം എത്തിയപ്പോൾ ആരാധകർ “ഷമി, ജയ് ശ്രീ റാം” എന്ന് വിളിക്കുന്നത് കേൾക്കാമായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനായ മുഹമ്മദ് ഷമി മുസ്ലീമാണെന്ന് നന്നായി അറിയാമായിരുന്ന ആരാധകരുടെ “ജയ് ശ്രീ റാം” വിളി എത്രത്തോളം ഇന്ത്യൻ ക്രിക്കറ്റിൽ സംഘപരിവാർ സ്വാധീനമുണ്ടായിട്ടുണ്ട് എന്നതിന്റെ തെളിവാണ്.

ഇന്ത്യ ആതിഥേയത്വം വഹിച്ച 2023ലെ ലോകകപ്പ് ഒരുപാട് രാഷ്ട്രീയ സാധ്യത ഉള്ള ഒന്നായിരുന്നു എന്ന് നിരീക്ഷകർ ചൂണ്ടി കാണിക്കുന്നു. ചരിത്രകാരനും നോവലിസ്റ്റും ക്രിക്കറ്റ് ആരാധകനുമായ മുകുൾ കേശവൻ പറയുന്നത് 2023 ലോകകപ്പ് എന്നത്തേക്കാളും കൂടുതൽ രാഷ്ട്രീയവൽക്കരിക്കപ്പെട്ടതാണെന്നാണ്. “ആസന്നമായ തെരഞ്ഞെടുപ്പുകളെ മുൻനിർത്തി എല്ലാ പരിപാടികളും സ്വന്തം ആഘോഷമാക്കി മാറ്റുന്ന ഒരു രാജ്യമാണ് ഇത് ആതിഥേയത്വം വഹിക്കുന്നത്,” കേശവൻ അൽ ജസീറയോട് പറഞ്ഞു. “അവരുടെ കാഴ്ചപ്പാടിൽ, ലോകകപ്പ് ഒരു ക്രിക്കറ്റ് ജി 20 ആണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. ബോർഡർ-ഗവാസ്‌കർ ട്രോഫിക്കായുള്ള ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള നാലാമത്തെ ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിന് മണിക്കൂറുകൾക്ക് മുമ്പ്, മാർച്ച് 9 ന്, പ്രധാനമന്ത്രി നരേന്ദ്ര മോദി തൻ്റെ ഓസ്‌ട്രേലിയൻ എതിരാളിയായ ആൻ്റണി അൽബനീസിനൊപ്പം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ എത്തി. “മോദി, മോദി” എന്ന വിളികൾ സ്റ്റേഡിയത്തിൽ മുഴങ്ങി. രണ്ടുപേരും ഒരു ഗോൾഫ് കാർട്ടിൽ ഒരു ഗോൾഡൻ വണ്ടിയിൽ ഗ്രൗണ്ടിന് ചുറ്റും ഒരു ലാപ്പ് എടുത്തു, പകുതി നിറഞ്ഞ സ്റ്റാൻഡുകളിലേക്ക് കൈവീശി. അവർ വേദിയിൽ ഇരുന്നു നൃത്ത പ്രകടനം കണ്ടു.

പലർക്കും, ഈ പരിപാടി സാധാരണ ക്രിക്കറ്റ് മത്സരത്തേക്കാൾ ഒരു രാഷ്ട്രീയ റാലിയോട് സാമ്യമുള്ളതായി അനുഭവപെട്ടു. സ്‌റ്റേഡിയത്തിന് ചുറ്റുമുള്ള ധാരാളമായ ബാനറുകൾ വ്യക്തമാക്കുന്നത് പോലെ, രാഷ്ട്രീയ നേതാക്കൾ അവരുടെ വിനോദത്തിനും അവരുടെ രാഷ്ട്രീയ ലാഭത്തിനും വേണ്ടി ഈ സാഹചര്യം ഉപയോഗിച്ചു. എൺപതിനായിരത്തോളം ടിക്കറ്റുകൾ ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടി വാങ്ങിയതായി ഗുജറാത്തി പത്രമായ ദിവ്യ ഭാസ്കർ അന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ക്രിക്കറ്റ് ലോകത്തെ ഏറ്റവും സമ്പന്നവും ശക്തവുമായ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിൻ്റെ അന്നത്തെ സെക്രട്ടറിയായിരുന്ന ജയ് ഷാ ചടങ്ങിൽ സന്നിഹിതനായിരുന്നു. ഈ ഉന്നത സ്ഥാനത്തേക്ക് ഷായുടെ നിയമനമുണ്ടായത് കാര്യമായ ക്രിക്കറ്റ് അനുഭവത്തിൽ നിന്നോ മികവിൽ നിന്നോ അല്ല, മറിച്ച് ഇന്ന് ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും ശക്തനായ വ്യക്തിയായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ എന്ന നിലയിൽ നിന്നാണ്. ബിസിസിഐയിൽ സെക്രട്ടറി ആയിരുന്നപ്പോൾ, ജയ് ഷാ മോദിക്കും ബിജെപിക്കും ഇന്ത്യൻ സർക്കാരിനും വേണ്ടി നിലകൊണ്ടു. അടുത്ത കാലം വരെ, ഷാഹ് തൻ്റെ പിതാവിൻ്റെ തണലിൽ ആയിരുന്നു. എന്നാൽ, ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ തന്നെ തലപ്പത്ത് ‘എതിരില്ലാതെ’ തെരെഞ്ഞെടുക്കപ്പെട്ടതിന് ശേഷം അദ്ദേഹം ചടങ്ങുകളുടെ മുന്നിലും കേന്ദ്രമായും മാറി.

പത്തൊമ്പതാം വയസ്സിൽ യാതൊരു അനുഭവ പരിചയമോ ക്രിക്കറ്റ് ബാക്ഗ്രൗണ്ടോ ഇല്ലാതെ ജയ് ഷാഹ് ക്രിക്കറ്റ് ഭരണ രംഗത്തേക്ക് കടന്ന് വരുന്നത് അന്ന് തന്നെ വിവാദമായ കാര്യമാണ്. മുപ്പത്തിയഞ്ചാം വയസ്സിൽ ലോക ക്രിക്കറ്റിന്റെ തന്നെ തലപ്പത്ത് വരുന്നത് അത്ര നിഷ്കളങ്കമല്ല എന്നാണ് നമുക്ക് മനസിലാക്കാൻ സാധിക്കുക. ഇന്ത്യയിൽ ഏറ്റവും ജനപ്രീതിയുള്ളതും ലോകതലത്തിൽ ഏറ്റവും കൂടുതൽ വാണിജ്യവത്കരിക്കപ്പെട്ട ഒരിനം കൂടിയായ ക്രിക്കറ്റ് ഏറ്റവും കൂടുതൽ സാമ്പത്തിക ഇടപാടുകൾ സൃഷ്ടിക്കുന്നു എന്നത് രാഷ്ട്രീയക്കാരെ ഇടപെടാൻ പ്രേരിപ്പിക്കുന്ന പ്രധാന കാരണമാകുന്നു. ഇന്ത്യയിൽ രാഷ്ട്രീയവും മുതലാളിത്വവും ഒരുമിച്ച് ഒരേ പാതയിൽ നീങ്ങുന്ന ചങ്ങാത്ത മുതലാളിത്വത്തിന്റെ (Crony Capitalism) ഉദാഹരണം ഒറ്റ സംഭവത്തിൽ നമ്മുക്ക് കണ്ടെത്താൻ സാധിക്കും. കഴിഞ്ഞ കാലം വരെ സർദാർ വല്ലഭായി പട്ടേലിന്റെ പേരിലുണ്ടായിരുന്ന ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലേക്ക് പുനർനമകരണം നടത്തുകയുണ്ടായി. എന്ന് മാത്രമല്ല ബ്രാൻഡ് ഐക്കണുകളായി നിലകൊള്ളുന്ന സ്റ്റേഡിയത്തിലെ പവിലിയൻ എൻഡുകൾക്ക് ഇന്ത്യയിലെ ഏറ്റവും പ്രമുഖരായ മുതാളിലാരുടെ പേരുകളായ അദാനിയുടെയും അംബാനിയുടെയും പേരുകൾ നൽകി. ഇതിലൂടെ കൃത്യമായി ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മൂന്ന് തൂണുകൾ ആരൊക്കെയാണ് എന്നാണ് ജയ് ഷാഹ് തന്റെ ഭരണകാലത്ത് ലോകത്തിന് മുന്നിൽ പറഞ്ഞുവെച്ചത്. ഇന്ത്യൻ ക്രിക്കറ്റിനെ അഹമ്മദാബാദിലേക്കും ഗുജറാത്തിലേക്കും കേന്ദ്രികരിക്കുന്നതായി ഇതിനോട് ചേർത്ത് മനസിലാക്കേണ്ടതാണ്. ഐപിഎൽ ഫൈനൽ പോലുള്ള പ്രധാന മത്സരങ്ങൾ എല്ലായ്‌പോഴും ഈ സ്ഥലങ്ങളിലാണ് നടത്തപ്പെടുന്നത് എന്നതും ശ്രദ്ധേയമാണ്.

ക്രിക്കറ്റും ബിസിനസും പരസ്പരം ബന്ധപെട്ടു കിടക്കുന്ന ഒന്നാണ്, മാത്രമല്ല ഇന്ത്യയിൽ ഇത്രയും ജനപ്രീതിയുള്ള ഒരു മത്സരത്തിന്റെ പരസ്യ മൂല്യവും വളരെ വലുതാണ്. ജയ് ഷാ ബിസിസിഐയുടെ തലപ്പത്ത് നിന്ന സമയങ്ങളിലോക്കെ റെക്കോർഡ് തുകക്കാണ് ഐപിഎല്ലിന്റെ റൈറ്റ്സ് വിറ്റുപോയിട്ടുള്ളത്. ക്രിക്കറ്റും രാഷ്ട്രീയവും ബിസിനസ്സും അതിവിദഗ്ദ്ധമായി ഉപയോഗിച്ചയാളാണ് ജയ് ഷാഹ്. ബിസിസിഐയുടെയും ഐസിസിയുടെയും തലപ്പത്തിരുന്ന ബിസിനെസ്സ്കാരനായ ജഗ്മോഹൻ ഡാൽമിയയും രാഷ്ട്രീയകാരനായ ശരത് പവാറിന്റെയും സമനയിപ്പിച്ച രൂപമാണ് യഥാർത്ഥത്തിൽ ജയ് ഷാഹ്. ദി കാരവന്റെ ഒരു റിപ്പോർട്ട് പ്രകാരം കുസും ഫിൻസെർ എന്ന കഴിഞ്ഞ വർഷം വരെ നഷ്ടത്തിൽ ഓടിയിരുന്ന ജയ് ഷായുടെ ഉടമസ്ഥതയുള്ള കമ്പനി പതിനയ്യായിരം മടങ്ങ് ടേൺ ഓവറിലേക്ക് എത്തിയിരുന്നു. ജയ് ഷാഹ് തന്റെ പദവി ദുരുപയോഗം ചെയ്താണ് ഇത്തരമൊരു ടേൺ ഓവർ ഉണ്ടായത് എന്ന് റിപ്പോർട്ടിൽ ചൂണ്ടി കാണിക്കുന്നു. 2015 വരെ 5000 രൂപ ടേൺ ഓവർ ഉണ്ടായിരുന്ന കമ്പനി അടുത്ത സാമ്പത്തിക വർഷത്തിലെ കമ്പക്ക് പ്രകാരം 80 കൊടിയിലേക്ക് അവരുടെ ടേൺ ഓവർ ഉയരുന്നു എന്ന് ദി വയർ പുറത്ത് വിട്ട റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു. ഇതിനോടുള്ള പ്രതികരണമായി ജയ് ഷാഹ് ദി കാരവൻ, ദി വയർ എന്നീ മാധ്യമങ്ങൾക്കെതിരെ വകീൽ നോട്ടീസ് അയക്കുന്നതാണ് പിന്നീട് നമ്മൾ കാണുന്നത്.

ജയ് ഷാഹ് ഡിസംബർ 1ന് ഐസിസിയുടെ ചുമതല ഏറ്റെടുക്കുന്ന പശ്ചാത്തലത്തിൽ അടുത്തതായി ബിസിസിഐയുടെ തലപ്പത്തേക്ക് നിയമിക്കാൻ പോകുന്നത് മുൻ ബിജെപി മന്ത്രിയായ അരുൺ ജെയ്റ്റ്ലിയുടെ മകനായ രോഹൻ ജെയ്റ്റ്ലിയെയാണ് എന്നത് ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. ബിജെപി സാമ്പത്തിക വരുമാനം ഉണ്ടാകുന്നതിന് വേണ്ടി എല്ലാ മേഖലയിലേക്കും തങ്ങളുടെ മക്കളെ നിയമിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇതെന്ന് കാണാം. കോൺഗ്രസ് അധികാരത്തിൽ ഉണ്ടായിരുന്ന കാലത്തൊക്കെയും ഇതേ കാരണം പറഞ്ഞു അവരെ നിരന്തരം വിമർശിക്കാറുള്ള പാർട്ടിയാണ് ബിജെപി എന്നതാണ് വിരോധാഭാസം.