ആകാശത്ത് അതിർവരമ്പുകൾ ഭേദിച്ച് ഇന്ത്യൻ ടീം, എല്ലാവരെയും ഹാപ്പിയാക്കി രോഹിതും ദ്രാവിഡും; വിമാനത്തിൽ കണ്ടത് കൗതുക കാഴ്ചകൾ

ട്വൻറി 20 ലോകകപ്പ് 2024 കിരീടവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീമം​ഗങ്ങൾ രാജ്യത്ത് തിരിച്ചെത്തിയിരിക്കുകയാണ്. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ടീമിന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. രാവിലെ 9 മണിക്ക് പ്രധാനമന്ത്രിയുടെ ഓഫീസിലെത്തി അദ്ദേഹത്തെ കണ്ട ടീം സൗഹൃദ ചർച്ചക്ക് ശേഷം പ്രഭാതഭക്ഷണവും കഴിച്ച ശേഷമാണ് മടങ്ങിയത്. ശേഷം മുംബൈയിലേക്ക് മടങ്ങുന്ന ടീം ഇന്ന് അവിടെ റോഡ് ഷോയുടെയും അനുമോദന ചടങ്ങിന്റെയുമൊക്കെ ഭാഗമായ ശേഷമായിരിക്കും പിരിയുക. ലോകകപ്പ് വിജയത്തിന് ശേഷം മടങ്ങാൻ ഇരുന്ന ഇന്ത്യയുടെ യാത്ര ബാർബഡോസിൽ വീശിയടിച്ച ചുഴലിക്കാറ്റിനെ തുടർന്ന് തടസപ്പെടുക ആയിരുന്നു.

ഫ്ളൈറ്റിലെ ഇവരുടെ യാത്ര സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. യാത്രയിൽ മാധ്യമപ്രവർത്തകർ ഇക്കണോമി ക്ലാസിലായിരിക്കുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ വിമാനത്തിൻ്റെ ബിസിനസ് ക്ലാസ് വിഭാഗത്തിൽ നിലയുറപ്പിച്ചതായാണ് റിപ്പോർട്ട്. സ്വകാര്യമായി തുടരണമെന്ന് ഇന്ത്യൻ താരങ്ങൾ ആഗ്രഹിച്ചതിനാൽ ചിത്രങ്ങളിൽ ക്ലിക്ക് ചെയ്യരുതെന്ന് മാധ്യമപ്രവർത്തകരോട് ബിസിസിഐ ആവശ്യപ്പെട്ടു.

എന്നാൽ ടി20 ലോകകപ്പ് ട്രോഫി കൈവശം വയ്ക്കാനും അതിനൊപ്പം ചിത്രങ്ങളിൽ ക്ലിക്ക് ചെയ്യാനും മാധ്യമപ്രവർത്തകരെ ബിസിസിഐ വിമാനത്തിൽ വെച്ച് അനുവദിച്ചു എന്നതാണ് മറ്റൊരു കൗതുകകരമായ കാര്യം.

എന്നാൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ, വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ, യുസ്‌വേന്ദ്ര ചാഹൽ, സൂര്യകുമാർ യാദവ്, ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ് എന്നിവർ ഇക്കണോമി ക്ലാസിലെ മാധ്യമപ്രവർത്തകർക്കൊപ്പം കുറച്ച് സമയം ചെലവഴിച്ചുവെന്നാണ് റിപ്പോർട്ട്. അവർ വളരെയധികം സംസാരിച്ചു എന്നും രോഹിത് വളരെ ആവേശത്തിൽ അവർക്കൊപ്പം ചിത്രങ്ങൾക്ക് പോസ് ചെയ്തു

ജസ്പ്രീത് ബുംറ തൻ്റെ മകൻ അംഗദിനെ ബേബി സിറ്റിംഗ് ചെയ്യുന്ന തിരക്കിലായതിനാൽ മറ്റുള്ളവരുമായി ചിലവഴിക്കാൻ സമയം അധികം കണ്ടെത്തിയില്ല.

അതേസമയം ടി20 ലോകകപ്പ് വിജയികളായ ടീമിനെ ബാർബഡോസിൽ നിന്ന് തിരികെ കൊണ്ടുപോകാൻ എയർലൈൻ ഷെഡ്യൂൾ ചെയ്ത വിമാനം ഉപയോഗിച്ചുവെന്ന ആരോപണത്തെ തുടർന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) എയർ ഇന്ത്യക്കെതിരെ അന്വേഷണം ആരംഭിച്ചു.

നെവാർക്ക്-ഡൽഹി വിമാനത്തിൽ ആദ്യം ഷെഡ്യൂൾ ചെയ്തിരുന്ന ബോയിംഗ് 777 വിമാനം എയർ ഇന്ത്യ വഴിതിരിച്ചുവിട്ട് ടീമിനെ കൊണ്ടുവരാനായി പുറപ്പെടുക ആയിരുന്നു. ന്യൂയോർക്ക് -ഡൽഹി റൂട്ടിൽ സീറ്റ് ബുക്ക് ചെയ്തിരുന്ന യാത്രക്കാർക്ക് ഈ നീക്കം ബുദ്ധിമുട്ടുണ്ടാക്കിയതായി റിപ്പോർട്ട് പ്രകാരം മനസിലാക്കാം.