ഐ.പി.എല്‍ 13ാം സീസണിലെ മിഡ്-സീസണ്‍ ട്രാന്‍സ്ഫറിനുള്ള സമയം ആരംഭിച്ചു. ഇന്നലെ തുടങ്ങി ഈ മാസം 17 വരെ അഞ്ച് ദിവസത്തേക്കാണ് ഇതിന് അവസരം. കളിക്കാന്‍ അവസരം കിട്ടാതെയിരിക്കുന്ന താരങ്ങള്‍ക്കു ടീം മാറാന്‍ സുവര്‍ണാവസരമാണിത്. എന്നാല്‍ ഇരുടീമുകളും തമ്മിലാണ് ഇതില്‍ ധാരണയാകേണ്ടത് എന്നുമാത്രം.
കളിക്കാരെ വായ്പ അടിസ്ഥാനത്തില്‍ വിട്ടു കൊടുക്കുന്ന സംവിധാനമാണിത്. സീസണില്‍ ഒരു മത്സരവും കളിക്കാത്തവരെയും ഒന്നോ രണ്ടോ മത്സരങ്ങള്‍ കളിച്ച താരങ്ങളെയാണ് ഇത്തരത്തില്‍ കൈമാറാനാവുക. ഇരുടീമുകളും കൈമാറ്റ കാര്യത്തില്‍ തീരുമാനത്തിലെത്തിയ ശേഷം അത് ഐ.പി.എല്‍ ഭരണസമിതിയെ അറിയിക്കണം. ഇന്ത്യന്‍ താരങ്ങളെയും വിദേശതാരങ്ങളെയും ഇത്തരത്തില്‍ കൈമാറാം.
ഒരു ടീം വിട്ട് മറ്റൊരു ടീമിലെത്തുന്ന താരത്തിന് ആ ടീമുകള്‍ തമ്മില്‍ ഏറ്റമുട്ടുമ്പോള്‍ കളിക്കാനാവില്ല. ഇത് താത്കാലിക ട്രാന്‍സ്ഫര്‍ മാത്രമായിരിക്കും. സീസണ്‍ പൂര്‍ത്തിയായാല്‍ കളിക്കാരന്‍ പഴയ ടീമില്‍ തിരിച്ചെത്തും. അജിങ്ക്യ രഹാനെ (ഡല്‍ഹി ക്യാപ്പിറ്റല്‍സ്), ഇമ്രാന്‍ താഹിര്‍ (ചെന്നൈ സൂപ്പര്‍ കംഗ്‌സ്), ക്രിസ് ലിന്‍ (മുംബൈ ഇന്ത്യന്‍സ്), ക്രിസ് ഗെയ്ല്‍ (കിംഗ്‌സ് ഇലവന്‍ പഞ്ചാബ്), ദീപക് ഹൂഡ (കിംഗ്‌സ് ഇലവന്‍ പഞ്ചാബ്) എന്നീ താരങ്ങളാണ് ഈ കൂടുമാറ്റത്തിന് സാദ്ധ്യതയുള്ള പ്രമുഖ താരങ്ങള്‍.
Read more
സുരേഷ് റെയ്‌ന പിന്മാറിയ ചെന്നൈയ്ക്ക് ആ ഒഴിവിലേക്ക് പരീക്ഷിക്കാവുന്ന താരമാണ് രഹാനെ. നിലവിലെ പ്രകടനം വിലയിരുത്തുമ്പോള്‍ ചെന്നൈയ്ക്ക് ഒരു മികച്ച ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാനെ അത്യാവശ്യമാണ് താനും. സീസണില്‍ ഇതുവരെ ഏഴു മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഡല്‍ഹി ജഴ്‌സിയില്‍ ഒരേയൊരു മത്സരത്തില്‍ മാത്രമാണ് രഹാനെയ്ക്ക് കളിക്കാനായത്.