എന്തു മണ്ടത്തരമാണിത്; രാഹുലിന്റെ വമ്പന്‍ പിഴവ് ചൂണ്ടിക്കാട്ടി സച്ചിന്‍

എന്തു മണ്ടത്തരമാണിത്, അനായാസമായി ജയിക്കാവുന്ന കളി ഇത്തരത്തില്‍ കൈവിട്ടു കളഞ്ഞാല്‍ പിന്നെ എന്തു പറയാനാണ്. ഇന്നലെ പഞ്ചാബും മുംബൈയും തമ്മിലുള്ള മത്സരം കണ്ട ക്രിക്കറ്റ് പ്രേമികളില്‍ ചിലര്‍ക്കെങ്കിലും ഇങ്ങനെ തോന്നിയിരിക്കാം. എന്തൊക്കെയായാലും സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് അങ്ങനെ തോന്നി. അക്കാര്യം സച്ചിന്‍ സോഷ്യല്‍ മീഡിയയിലൂടെ പരസ്യമാക്കുകയും ചെയ്തു.

പൊള്ളാര്‍ഡും പാണ്ഡ്യയും ക്രീസില്‍ നില്‍ക്കെ 20-ാം ഓവര്‍ ഓഫ് സ്പിന്നറായ കെ.ഗൗതമിനെ കൊണ്ട് എറിയിച്ച രാഹുലിന്റെ തീരുമാനത്തെയാണ് സച്ചിന്‍ വിമര്‍ശിച്ചത്. രാഹുലിന്റെ പേര് പരാമര്‍ശിക്കാതെയാണ് സച്ചിന്‍ചൂണ്ടിക്കാട്ടിയത്. “ഈ ഗ്രൗണ്ടില്‍ 191 റണ്‍സെന്നത് വിജയിക്കാവുന്ന സ്‌കോറാണ്. രോഹിത് ശര്‍മയുടെ ഇന്നിംഗ്സ് ചടുലമായിരുന്നു. 20ാം ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യ, കിരോണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ക്കെതിരേ ബൗള്‍ ചെയ്യാന്‍ ഒരു ഓഫ് സ്പിന്നര്‍” എന്നായിരുന്നു അബദ്ധമായി പോയെന്ന ഇമോജിയോട് കൂടി സച്ചിന്‍ കുറിച്ചത്.

20ാം ഓവറില്‍ മാത്രം നാലു സിക്സറോടെ മുംബൈ 25 റണ്‍സാണ് അടിച്ചെടുത്തത്. 15 ഓവര്‍ കഴിയുമ്പോള്‍ മുംബൈയുടെ സ്‌കോര്‍ ബോര്‍ഡില്‍ 102 റണ്‍സ് മാത്രമായിരുന്നു. എന്നാല്‍ ബാക്കി 5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി 89 റണ്‍സാണ് മുംബൈ അടിച്ചെടുത്തത്.

അഞ്ചാം വിക്കറ്റില്‍ പൊള്ളാര്‍ഡ്- ഹാര്‍ദിക് ജോടി വെറും 23 പന്തില്‍ വാരിക്കൂട്ടിയത് 67 റണ്‍സാണ്. പൊള്ളാര്‍ഡ് 20 പന്തില്‍ നാലു സിക്സറുകളും മൂന്നു ബൗണ്ടറിയുമടക്കം 47 റണ്‍സെടുത്തപ്പോള്‍ ഹാര്‍ദിക് 11 പന്തില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്സറുമടക്കം 30 റണ്‍സ് നേടി. പഞ്ചാബിന്റെ തുടര്‍ച്ചയായ രണ്ടാമത്തെയും സീസണിലെ മൂന്നാമത്തെയും തോല്‍വിയാണിത്.