ആ രണ്ട് ഓവറുകള്‍ ഞാന്‍ മത്സരം ജയിക്കാന്‍ മാറ്റിവെച്ചത്; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

മധ്യ ഓവറുകളില്‍ ടീമിന്റെ പ്രധാന ബോളര്‍ മുസ്താഫിസുറിനെ ബോള്‍ ഏല്‍പ്പിക്കാതിരുന്നതിന്റെയും അവസാന ഓവര്‍ കാര്‍ത്തിക് ത്യാഗിയ്ക്ക് നല്‍കിയതിന്റെയും രഹസ്യം വെളിപ്പെടുത്തി രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍. മത്സരത്തില്‍ ജയിക്കാനാകുമെന്ന് ഉറപ്പുണ്ടായിരുന്നെന്നും അതുകൊണ്ടാണ് മുസ്തഫിസുറിന്റെയും ത്യാഗിയുടെയും ഓവറുകള്‍ താന്‍ അവസാനത്തേക്ക് മാറ്റിവെച്ചതെന്നും സഞ്ജു പറഞ്ഞു. മുസ്താഫിസുറിന് മധ്യ ഓവറുകള്‍ ഏല്‍പ്പിക്കാതിരുന്നതിനെ കമന്ററി ബോക്‌സിലിരുന്ന് ഗൗതം ഗംഭീര്‍ അടക്കമുള്ളവര്‍ വിമര്‍ശിച്ചിരുന്നു.

‘മത്സരത്തില്‍ വിജയിക്കാന്‍ സാധിക്കുമെന്ന് ഞങ്ങള്‍ വിശ്വസിച്ചിരുന്നു. മത്സരം കാണുന്നവരോ മറ്റുള്ളവരോ ഞങ്ങള്‍ വിജയിക്കുമെന്ന് പ്രതീക്ഷിച്ചു കാണില്ല. അവസാന ഓവറുകള്‍ എറിയാന്‍ പോന്ന സ്പെഷ്യലിസ്റ്റ് ബോളര്‍മാര്‍ ടീമിലുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ക്രിക്കറ്റ് രസകരമായ ഗെയിമാണ്. അവിടെ എന്തും സംഭവിക്കാം. അതുകൊണ്ടാണ് മുസ്തഫിസുറിന്റെയും ത്യാഗിയുടെയും ഓവറുകള്‍ ഞാന്‍ മാറ്റിവെച്ചത്.’

Image

‘ഞാന്‍ എല്ലായ്‌പ്പോഴും എന്റെ ബോളര്‍മാരെ വിശ്വസിക്കുന്നു. എല്ലായ്‌പ്പോഴും പോരാടാനും വിജയിക്കുമെന്ന് വിശ്വസിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. അതു കൊണ്ടാണ് മുസ്താഫിസുറിന്റെ രണ്ടോവറുകള്‍ അവസാനത്തേക്ക് ഞാന്‍ മാറ്റിവെച്ചത്. മത്സരത്തില്‍ ജയിക്കാന്‍ സാധിക്കുമെന്ന് എനിക്കപ്പോഴും പ്രതീക്ഷയുണ്ടായിരുന്നു’ സഞ്ജു പറഞ്ഞു.

Read more

പഞ്ചാബിന് ജയിക്കാന്‍ അവസാന ഓവറില്‍ 4 റണ്‍സ് മാത്രം മതിയെന്ന് നില്‍ക്കെയാണ് കാര്‍ത്തിക് ത്യാഗി കളി രാജസ്ഥാന്റെ വരുതിയിലാക്കിയത്. ആ ഓവറില്‍ വെടിക്കെട്ട് ബാറ്റ്സ്മാന്മാരായ നിക്കോളാസ് പൂരന്‍, ദീപക് ഹൂഡ എന്നിവരെ മടക്കിയ ത്യാഗി ഒരു റണ്‍ മാത്രമാണ് വഴങ്ങിയത്.