സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ പരാജയത്തില്‍ ഓപ്പണര്‍ ദേവ്ദത്ത് പടിക്കലിനെ വിമര്‍ശിച്ച് ബാംഗ്ലൂര്‍ പരിശീലകന്‍ മൈക്ക് ഹെസന്‍. രണ്ടാം പവര്‍പ്ലേയില്‍ ദേവ്ദത്തിനോട് കൂടുതല്‍ ആക്രമിച്ച് കളിക്കണമെന്ന് നിര്‍ദേശിച്ചിരുന്നെങ്കിലും അവനത് ചെയ്തില്ലെന്നും അത് മത്സരത്തിന്റെ താളം തെറ്റിച്ചെന്നും അദ്ദേഹം പറഞ്ഞു.
‘മാക്സ്‌വെല്‍ നന്നായി കളിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ദേവ്ദത്ത് റണ്‍സ് കണ്ടെത്താന്‍ പ്രയാസപ്പെടുകയായിരുന്നു. അതിനാല്‍ സ്ട്രൈക്ക് മാറി കളിക്കുകയായിരുന്നു പ്രധാനം. അവനത് നന്നായി ചെയ്യുകയും ചെയ്തു. എന്നാല്‍ പ്രധാന സമയത്ത് റണ്‍സുയര്‍ത്താന്‍ സാധിച്ചില്ല. കുറച്ച് ടോട്ട് ബോളുകള്‍ വന്നത് സമ്മര്‍ദ്ദമുണ്ടാക്കി.’
’15ാം ഓവറിലാണ് രണ്ടാം ടൈം ഔട്ട് എടുത്തത്. ആ സമയത്ത് ദേവിനോട് കൂടുതല്‍ വേഗത്തില്‍ റണ്‍സ് നേടാനും പുതിയ ബാറ്റ്സ്മാന് സമ്മര്‍ദ്ദം ഉണ്ടാകാതെ നോക്കാനും പറഞ്ഞിരുന്നു. അവന്‍ കുറച്ച് നല്ല ഷോട്ടുകള്‍ കളിച്ചു. പിന്നീട് ഔട്ടായി. ആവശ്യമുണ്ടായിരുന്ന സമയത്ത് ബാറ്റിംഗ് വേഗം ഉയര്‍ത്താന്‍ അവനായില്ല’ മൈക്ക് ഹെസന്‍ പറഞ്ഞു.
Read more
അപ്രധാന മത്സരത്തില്‍ സണ്‍റൈസേഴ്‌സിനോട് നാല് റണ്‍സിനാണ് ആര്‍സിബി പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുത്തു. ആര്‍സിബിയുടെ മറുപടി 6ന് 137ല്‍ അവസാനിച്ചു. മത്സരത്തില്‍ 52 ബോള്‍ നേരിട്ട ദേവ്ദത്ത് 41 റണ്‍സാണ് നേടിയത്. വിക്കറ്റ് കാത്ത് താരം കളിച്ചെങ്കിലും മെല്ലെപോക്ക് ടീമിന് തിരിച്ചടിയായി.