പത്ത് സെക്കന്റ് പരസ്യത്തിന് പൊന്നുംവില; ഐ.പി.എല്‍ ബ്രോഡ്കാസ്റ്റ് സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പ്രമുഖ ബ്രാന്‍ഡുകള്‍ പിന്മാറി

ഐ.പി.എല്‍ 14ാം സീസണിന്റെ രണ്ടാം പാദത്തിന് മുന്നോടിയായി സ്റ്റാര്‍ സ്പോര്‍ട്സുമായുള്ള സ്‌പോണ്‍സര്‍ഷിപ്പ് ഡീലില്‍ നിന്ന് പിന്മാറി അഞ്ച് പ്രമുഖ ബ്രാന്‍ഡുകള്‍. ജസ്റ്റ് ഡയല്‍, ഫ്രൂട്ടി, വി, ഗ്രോ, ഹാവല്‍സ് ഫാന്‍സ് എന്നിവരാണ് ഡിസ്‌നി സ്റ്റാറുമായുള്ള സ്‌പോണ്‍സര്‍ഷിപ്പ് കരാറില്‍ നിന്ന് പിന്മാറിയത്. കോവിഡിനെ തുടര്‍ന്ന് ടൂര്‍ണമെന്റ് നീട്ടി വെച്ചതിനെ തുടര്‍ന്നാണ് ഈ ബ്രാന്‍ഡുകളുടെ പിന്മാറ്റമെന്നാണ് സൂചന.

ഐ.പി.എല്ലിനിടെയുള്ള 10 സെക്കന്‍ഡ് പരസ്യത്തിന് 15 ലക്ഷം മുതല്‍ 15.5 ലക്ഷം രൂപ വരെയാണ് സ്റ്റാര്‍ ചോദിക്കുന്നത്.  ആദ്യ പാദത്തില്‍ 13-13.5 ലക്ഷം രൂപ വരെയായിരുന്നു നിരക്ക്. 2 ലക്ഷം രൂപയ്ക്കടുത്താണ് 10 സെക്കന്‍ഡ് പരസ്യത്തിന് അവര്‍ ആദ്യ പാദ മത്സരങ്ങളേക്കാള്‍ അധികമായി ചോദിക്കുന്നത്. അഞ്ച് ബ്രാന്‍ഡുകള്‍ പിന്മാറിയെങ്കിലും 12 ബ്രാന്‍ഡുകള്‍ ഇനിയും സ്‌പോണ്‍സര്‍മാരായുണ്ട്.

Read more

ഐ.പി.എല്‍ 14ാം സീസണിന്റെ രണ്ടാംപാദ മത്സരങ്ങള്‍ സെപ്റ്റംബര്‍ 19ന് ആരംഭിക്കും. ഒക്ടോബര്‍ 15നാണ് ഫൈനല്‍. ടി20 ലോക കപ്പ് ഒക്ടോബറിലും നവംബറിലുമായി നടക്കാനിരിക്കെ അതിന് മുമ്പ് തന്നെ ഐ.പി.എല്ലിന്റെ 14ാം സീസണ്‍ പൂര്‍ത്തിയാക്കാനാണ് ബി.സി.സി.ഐ നീക്കം.