ഐ.പി.എല്‍ 2023: ബാക്കപ്പായി എത്തിച്ച താരത്തിനും പരിക്ക്, വെട്ടിലായി ആര്‍.സി.ബി

ഐപിഎല്‍ 16ാം സീസണിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് (ആര്‍സിബി) കനത്ത പ്രഹരമായി സൂപ്പര്‍ താരത്തിന്റെ പരിക്ക്. ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ വില്‍ ജാക്ക്സിന് പരിക്കേറ്റതാണ് ആര്‍സിബിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

വെള്ളിയാഴ്ച നടന്ന ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ ജാക്സിന് ഇടത് തുടയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. ഇതോടെ താരം പരമ്പര മതിയാക്കി നാട്ടിലേക്ക് മടങ്ങി.

വിരാട് കോഹ്ലി നായകനായ ടീമില്‍ ഈ സീസണില്‍ പരിക്കേറ്റ് പുറത്താകുന്ന മൂന്നാമത്തെ പ്രധാന താരമാണിത്. ഗ്ലെന്‍ മാക്സ്വെല്ലും ജോഷ് ഹേസില്‍വുഡും പരിക്കുകള്‍ കാരണം ഐപിഎല്‍ സീസണില്‍ ടീമിനൊപ്പം ചേരാന്‍ താമസിക്കുമെന്നാണ് അറിയുന്നത്. ഇരുവര്‍ക്കും സീസണിലെ ആദ്യ കുറച്ച് മത്സരങ്ങള്‍ നഷ്ടമാകും.

ഡിസംബറിലെ മിനി ലേലത്തിലാണ് വില്‍ ജാക്ക്സിനെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 3.2 കോടി രൂപയ്ക്ക് വാങ്ങിയത്. ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ ബാക്കപ്പായിട്ടാണ് അദ്ദേഹത്തെ ടീമിലേക്ക് കൊണ്ടുവന്നത്. എന്നാല്‍ പരിക്ക് ആര്‍സിബിയുടെ കണക്കുകൂട്ടലുകള്‍ അപ്പാടെ തെറ്റിച്ചിരിക്കുകയാണ്. ഏപ്രില്‍ രണ്ടിന് അവര്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ആര്‍സിബി മുംബൈ ഇന്ത്യന്‍സിനെ നേരിടും.