മുംബൈ- കൊല്‍ക്കത്ത മത്സരത്തില്‍ വാതുവെപ്പ്; അഞ്ച് പേര്‍ അറസ്റ്റില്‍

വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന ഐപിഎല്‍ മത്സരത്തിനിടെ ഓണ്‍ലൈന്‍ വാതുവെപ്പ് നടത്തിയതിന് അഞ്ച് പേരെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തതായി മുംബൈ പൊലീസ് അറിയിച്ചു.

ഞായറാഴ്ച മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരം സ്റ്റേഡിയത്തില്‍ നടക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയതെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പ്രതികള്‍ തങ്ങളുടെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് വാതുവെപ്പ് നടത്തുകയും വ്യാജരേഖകള്‍ ഉപയോഗിച്ച് സിം കാര്‍ഡ് വാങ്ങുകയും ചെയ്തതായി ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ഇവരില്‍ നിന്ന് പണം, മാച്ച് ടിക്കറ്റുകള്‍, സിം കാര്‍ഡുകള്‍, ഒമ്പത് മൊബൈല്‍ ഫോണുകള്‍, രണ്ട് ഡെബിറ്റ് കാര്‍ഡുകള്‍, പാസ്പോര്‍ട്ട് എന്നിവയും പൊലീസ് കണ്ടെടുത്തു.

നേരത്തെ ഐപിഎല്‍ വാതുവെപ്പില്‍ ഏര്‍പ്പെട്ടിരുന്ന 10 പേരെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ലക്നോ സൂപ്പര്‍ ജയന്റ്സ് മത്സരത്തിനിടെ പണം വച്ച് വാതുവെപ്പില്‍ ഏര്‍പ്പെട്ടവരാണ് പിടിയിലായത്.

Read more

പിടിയിലായവരില്‍ നിന്നും 60.39 ലക്ഷം രൂപ, കംപ്യൂട്ടര്‍ ഉപകരണങ്ങള്‍, ഫീച്ചര്‍ ഫോണുകള്‍, സ്മാര്‍ട്ട് ഫോണുകള്‍, വാഹനങ്ങള്‍ എന്നിവയും പിടിച്ചെടുത്തിരുന്നു.