ഇത് ധോണിയുടെ അവസാന സീസണോ?; അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കേദാര്‍ ജാദവ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റ ഉദ്ഘാടന സീസണ്‍ മുതല്‍ പിന്നീട് ഇങ്ങോട്ട് ഇതുവരെ മുഴങ്ങി കേള്‍ക്കുന്ന പേരാണ് എം.എസ് ധോണിയുടേത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ധോണിക്ക് ആരാധക പിന്തുണയുടെ കാര്യത്തില്‍ ഒരു കുറവും ഇല്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണില്‍ അദ്ദേഹത്തിന്റെ അവസാന സീസണ്‍ എന്ന് കരുതി ആളുകള്‍ അദ്ദേഹം കളിക്കുന്ന എല്ലാ സ്ഥലങ്ങളിലും തടിച്ചുകൂടുകയാണ്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ നിര്‍ണായക പ്രതികരണം നടത്തിയിരിക്കുകയാണ് മുന്‍ സിഎസ്‌കെ താരം കേദാര്‍ ജാദവ്.

കളിക്കാരനെന്ന നിലയില്‍ ഈ സീസണോടെ ധോണി വിരമിക്കുമെന്നാണ് കേദാര്‍ പറഞ്ഞത്. ധോണിയുടെ വിരമിക്കലിനെ കുറിച്ച് തനിക്ക് 200% ഉറപ്പുണ്ടെന്ന് കേദാര്‍ ജാദവ് പറഞ്ഞു. ന്യൂസ്18 ക്രിക്കറ്റ് നെക്സ്റ്റ് പരിപാടിയില്‍ സംസാരിക്കവെയാണ് കേദാര്‍ ജാദവ് ഇക്കാര്യം പറഞ്ഞത്.

200 ശതമാനവും സത്യമായി പറഞ്ഞാല്‍ ഈ സീസണോടെ ധോണി കളിക്കാരനെന്ന നിലയില്‍ കരിയര്‍ അവസാനിപ്പിക്കും. ഈ ജൂലൈയില്‍ ധോണി 42ാം വയസിലേക്ക് കടക്കുകയാണ്. എങ്കിലും അദ്ദേഹം ഇപ്പോഴും മികച്ച ഫിറ്റ്നസുള്ള താരമാണ്. എന്നാല്‍ എല്ലാത്തിലുമുപരി ധോണി മനുഷ്യനാണ്. അതുകൊണ്ട് തന്നെ ഇത് അദ്ദേഹത്തിന്റെ അവസാന സീസണായിരിക്കുമെന്നാണ് കരുതുന്നത്. ആരാധകര്‍ ഈ സീസണിലെ ധോണിയുടെ ഒരു മത്സരം പോലും നഷ്ടപ്പെടുത്തരുത്. ഓരോ പന്തുകളും കണ്ട് ആസ്വദിക്കുക- കേദാര്‍ ജാദവ് പറഞ്ഞു.

Read more

ധോണിയെ സംബന്ധിച്ച് ഇനിയും ഒരുപാട് സീസണുകള്‍ കളിക്കാനുള്ള ഫിറ്റ്‌നസ് അദ്ദേഹത്തിന് ഉണ്ടെങ്കിലും ഈ സീസണോടെ അദ്ദേഹം പാഡഴിക്കുമെന്നാണ് താരത്തോട് വളരെ അടുത്ത് നില്‍ക്കുന്ന വൃത്തങ്ങള്‍ പലരും തന്നെ അറിയിക്കുന്നത്.