ഐപിഎല്‍ 2024: തോല്‍വിയ്ക്ക് കാരണം തന്റെ വീഴ്ചയല്ല; യഥാര്‍ത്ഥ പ്രശ്‌നത്തിലേക്ക് വിരല്‍ചൂണ്ടി ഗില്‍

ഐപിഎലില്‍ സ്വന്തം തട്ടകത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ തോല്‍വി വഴങ്ങിയതിന്റെ കാരണം വെളിപ്പെടുത്തി ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്‍. നായകന്റെ പാളിച്ചകള്‍ ഒരു വിഭാഗം ചൂണ്ടിക്കാണിക്കുമ്പോള്‍ മോശം ഫീല്‍ഡിംഗ് പ്രകടനമാണ് തോല്‍വിയുടെ കാരണമെന്നാണ് ശുഭ്മാന്‍ പറയുന്നത്.

ഞങ്ങള്‍ ഒന്നിലധികം ക്യാച്ചുകള്‍ നഷ്ടപ്പെടുത്തി. ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയാല്‍ ജയം നേടുക എളുപ്പമല്ല. ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് നടത്തിയത്. ബാറ്റര്‍ താളം കണ്ടെത്തിയാല്‍ റണ്‍സ് പ്രതിരോധിക്കുക പ്രയാസമാണ്.

ഗുജറാത്ത് നേടിയ റണ്‍സ് കുറഞ്ഞുപോയെന്ന് ഞാന്‍ പറയില്ല. ന്യൂബോളില്‍ കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. അതുകൊണ്ടുതന്നെ 200 റണ്‍സ് മികച്ച സ്‌കോറായിരുന്നു. 15 ഓവര്‍വരെ ഞങ്ങള്‍ക്ക് മത്സരത്തില്‍ നിയന്ത്രണമുണ്ടായിരുന്നു. എന്നാല്‍ ക്യാച്ചുകള്‍ നഷ്ടമാക്കിയതോടെ സമ്മര്‍ദ്ദമായി.

നാല്‍ക്കണ്ഡെ അവസാന മത്സരത്തില്‍ നന്നായി പന്തെറിഞ്ഞു. അതുകൊണ്ടാണ് അവന് അവസാന ഓവര്‍ നല്‍കിയത്. ആളുകള്‍ ഇത്തരത്തിലുള്ള മികച്ച പ്രകടനങ്ങള്‍ കാണാനാണ് ആഗ്രഹിക്കുന്നത്. യുവതാരങ്ങളടക്കം മത്സരത്തിന്റെ ഗതി മാറ്റുന്നു. ഇതാണ് ഐപിഎല്ലിന്റെ മനോഹാരിതയും- ഗില്‍ കൂട്ടിച്ചേര്‍ത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് 200 റണ്‍സാണ് പഞ്ചാബിന് മുന്നില്‍വെച്ചിരുന്നത്. ഒരു പന്ത് മാത്രം ബാക്കിനില്‍ക്കേ പഞ്ചാബ് ലക്ഷ്യം കടന്നു. സ്‌കോര്‍: ഗുജറാത്ത്- 199/5 (20 ഓവര്‍). പഞ്ചാബ്: 200/7 (19.5 ഓവര്‍).