സ്റ്റമ്പുകൾക്ക് പിന്നിൽ നിന്ന് എംഎസ് ധോണി നൽകുന്ന വിലപ്പെട്ട ഉപദേശത്തിന് സ്പിന്നർമാർ പല തവണ അദ്ദേഹത്തെ പ്രശംസിച്ചിട്ടുണ്ട്. ഇതിഹാസ വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാന്റെ ഉപദേശം സ്വീകരിച്ച് നേട്ടങ്ങൾ കൊയ്ത സ്പിന്നർമാർ അനവധിയാണ്. ആ ലിസ്റ്റിലെ ഏറ്റവും പുതിയ സ്പിന്നർ ഇത്തവണത്തെ മെഗാ ലേലത്തിൽ ചെന്നൈ ടീമിലെത്തിച്ച അഫ്ഗാൻ താരം നൂർ അഹമ്മദ് ആണ്.
ഇപ്പോൾ ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിംഗ്സും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള മത്സരത്തിനിടെ എംഎസ് ധോണിയുമായി ഒരു ചെറിയ സംഭാഷണം നടത്തിയതിന് തൊട്ടുപിന്നാലെ, ഇടംകൈയ്യൻ സ്പിന്നർ അപകടകാരിയായ ലിയാം ലിവിംഗ്‌സ്റ്റോണിന്റെ വിക്കറ്റ് നേടിയാണ് ഞെട്ടിച്ചത്.
പതിനാറാം ഓവറിന്റെ തുടക്കത്തിൽ നൂർ അഹമ്മദ് ഓവർ എറിയാൻ തയ്യാറെടുക്കുമ്പോഴാണ് സംഭവം നടന്നത്. ഓവർ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ്, എം.എസ്. ധോണി അഫ്ഗാനിസ്ഥാൻ സ്പിന്നറെ ഉപദേശിക്കുന്നത് കാണാൻ സാധിച്ചിരുന്നു. ഓവറിലെ ആദ്യ പന്തിൽ രജത് പട്ടീദാർ ഒരു സിംഗിൾ എടുത്തു, രണ്ടാം പന്തിൽ ലിവിംഗ്‌സ്റ്റൺ നൂർ അഹമ്മദിനെ സിക്സിന് പറത്തി. എന്നാൽ, അടുത്ത പന്തിൽ ഇംഗ്ലണ്ട് താരത്തിന്റെ കുറ്റി തെറിപ്പിച്ച് നൂർ തിരിച്ചടിക്കുക ആയിരുന്നു.
വിക്കറ്റ് വീണതിനു ശേഷം ധോണി നൂറിന്റെ തോളിൽ തട്ടുന്നതും വീഡിയോ ദൃശ്യങ്ങളിൽ നിന്ന് കാണാൻ സാധിച്ചു. 9 പന്തിൽ 10 റൺസ് മാത്രം നേടിയാണ് ലിവിംഗ്സ്റ്റൺ മടങ്ങിയത്. ഇത് കൂടാതെ ലിവിംഗ്സ്റ്റണിനെതിരായ നൂറിന്റെ റെക്കോർഡ് മികച്ചതാക്കാൻ ഈ വിക്കറ്റ് സഹായിച്ചു. ലിവിംഗ്സ്റ്റണിനെതിരായ മത്സരത്തിൽ ഇതുവരെ യുവ സ്പിന്നർ മുൻതൂക്കം നിലനിർത്തിയിട്ടുണ്ട്. ഓൾറൗണ്ടറായ നൂർ ഇതുവരെ 21 പന്തുകൾ ഇംഗ്ലണ്ട് താരത്തിനെതിരെ എറിഞ്ഞിട്ടുണ്ട്, 27 റൺസ് വഴങ്ങി നാല് തവണ താരത്തെ പുറത്താക്കിയിട്ടുണ്ട്.
അതേസമയം, മത്സരത്തിൽ സിഎസ്‌കെയ്ക്കായി നൂർ മറ്റൊരു മികച്ച പ്രകടനം കാഴ്ചവച്ചു. സീസണിലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ അദ്ദേഹം 4 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ആർസിബിക്കെതിരായ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിൽ 36 റൺ വഴങ്ങിയ താരം 3 വിക്കറ്റുകൾ വീഴ്ത്തി. 2025 ഐപിഎല്ലിൽ നിലവിൽ ഓറഞ്ച് ക്യാപ്പ് ഉടമയാണ് അദ്ദേഹം.
— Drizzyat12Kennyat8 (@45kennyat7PM) March 28, 2025
Read more