ഐപിഎല്‍ 2025: കോടികള്‍ക്കൊന്നും ഒരു വിലയില്ലേ..., കെകെആറില്‍ തുടരാന്‍ ശ്രേയസ് ആവശ്യപ്പെട്ടത് റെക്കോഡ് തുക, വെളിപ്പെടുത്തി ടീം സിഇഒ

ഐപിഎല്‍ 2025 മെഗാ ലേലത്തിന് മുന്നോടിയായി ഐപിഎല്‍ 2024 ജേതാവായ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ നിലനിര്‍ത്താത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആര്‍) സിഇഒ വെങ്കി മൈസൂര്‍. കെകെആറിന്റേതല്ല ശ്രേയസിന്റെ സ്വയം തീരുമാനമാണ് അദ്ദേഹത്തെ നിലനിര്‍ത്താത്തതിലേക്ക് നയിച്ചതെന്ന് മൈസൂര്‍ വെളിപ്പെടുത്തി. ലേലത്തില്‍ തന്റെ വിപണി മൂല്യം പരിശോധിക്കാന്‍ ശ്രേയസ് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം സൂചന നല്‍കി.

ശ്രേയസിനെ നിലനിര്‍ത്തുകയെന്നത് ഞങ്ങളുടെ ആദ്യത്തെ ചോയ്‌സായിരുന്നു. ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് അദ്ദേഹം. ഭാരിച്ച ചുമതലയാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. ഞങ്ങള്‍ അദ്ദേഹത്തിന്റെ പ്രകടനം ആസ്വദിച്ചു. പക്ഷേ ആളുകള്‍ അവരുടേതായ തീരുമാനങ്ങളാണ് എടുക്കുന്നത്. ഏതാണോ നല്ലത് അതിനു പിന്നാലെ അവര്‍ പോകും- മൈസൂര്‍ പറഞ്ഞു.

തനിക്ക് ശ്രേയസുമായി വ്യക്തിപരമായ അടുപ്പമുണ്ടെങ്കിലും, ലേലത്തില്‍ തന്റെ മൂല്യം പരിശോധിക്കാന്‍ ബാറ്റര്‍ ആഗ്രഹിച്ചിരുന്നു, ഈ തീരുമാനത്തെ പിന്തുണയ്ക്കുന്നതില്‍ സന്തോഷമുണ്ടെന്ന് മൈസൂര്‍ പറഞ്ഞു. കളിക്കാര്‍ അവരുടെ വാണിജ്യ മൂല്യത്തിന് മുന്‍ഗണന നല്‍കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.

30 കോടി രൂപയാണ് ഐപിഎല്‍ 2025 സീസണ്‍ കളിക്കാന്‍ ശ്രേയസ് അയ്യര്‍ ആവശ്യപ്പെട്ടതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ക്യാപ്റ്റനെ നിലനിര്‍ത്താന്‍ ടീമിന് താല്‍പര്യമുണ്ടായിരുന്നെങ്കിലും ഇത്രയും വലിയ തുക ചോദിച്ചതിനാല്‍ താരത്തെ വിട്ടുകളയുകയായിരുന്നു.