IPL 2025: എന്തുകൊണ്ട് അമ്പയർ ഹാർദികിന്റെ ബാറ്റ് പരിശോധിച്ചു, ഐപിഎൽ നിയമത്തിൽ പറയുന്നത് ഇങ്ങനെ

ഞായറാഴ്ച നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) പോരാട്ടം ഒരു ഡബിൾ-ഹെഡർ മത്സരമായിരുന്നു. ആദ്യ പോരിൽ രാജസ്ഥാനെ തോൽപ്പിച്ച് ബാംഗ്ലൂരും രണ്ടാം മത്സരത്തിൽ ഡൽഹിയെ തോൽപ്പിച്ച് മുംബൈയും ജയിച്ചുകയറി. 2 മത്സരങ്ങളിലും അമ്പയർമാർ കളിക്കാരുടെ ബാറ്റിന്റെ വലുപ്പം പരിശോധിക്കുന്നത് കാണാൻ ഇടയായി.

ഡൽഹി ക്യാപിറ്റൽസും (ഡിസി) മുംബൈ ഇന്ത്യൻസും (എംഐ) തമ്മിലുള്ള മത്സരത്തിൽ, ഓൺ-ഫീൽഡ് അമ്പയർ എംഐ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ ബാറ്റിന്റെ വീതി അളക്കാൻ ഗേജ് ഉപയോഗിച്ചു പാണ്ഡ്യയുടെ ബാറ്റിന്റെ വലുപ്പം അനുവദനീയമായ 4.25 ഇഞ്ചിനുള്ളിലായിരുന്നു. നേരത്തെ, രാജസ്ഥാൻ റോയൽസും (ആർആർ) റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും (ആർസിബി) തമ്മിലുള്ള മത്സരത്തിനിടെ, ഫിൽ സാൾട്ടിന്റെയും ഷിംറോൺ ഹെറ്റ്മെയറിന്റെയും ബാറ്റുകൾ വലിപ്പം അനുവദിച്ചതിലും കൂടുതൽ ആയതിനാൽ അത് മാറ്റേണ്ടതായിട്ടും വന്നു.

പാണ്ഡ്യയുടെ ബാറ്റ് അമ്പയർ ഒരു ഗേജ് ഉപയോഗിച്ച് അതിലൂടെ കടത്തി വിടുക ആയിരുന്നു. അത് ഒരു ഘട്ടത്തിലും അളവുകൾ കവിഞ്ഞ് പോയില്ലെന്ന് അദ്ദേഹം ഉറപ്പിക്കുക ആയിരുന്നു. ഐ‌പി‌എല്ലിന്റെ നിയമങ്ങൾ അനുസരിച്ച്, ഒരു ബാറ്റും 4.25 ഇഞ്ച് അല്ലെങ്കിൽ 10.8 സെന്റീമീറ്റർ വീതി കവിയരുത്.

മത്സരത്തിലേക്ക് വന്നാൽ ഐപിഎല്ലിൽ ഇതുവരെ തോൽവിയറിയാതെ മുന്നേറിയ ഡൽഹി ക്യാപിറ്റൽസിനെ തകർത്തെറിഞ്ഞ് മുംബൈ ഇന്ത്യൻസ് അതിനിർണായക ജയം സ്വന്തമാക്കി. 12 റൺസിനാണ് മുംബൈ ഡൽഹിയെ വീഴ്ത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 19 ഓവറിൽ 193 റൺസിൽ എല്ലാവരും പുറത്തായി. ജയം ഉറപ്പിച്ച സ്ഥലത്ത് നിന്ന് ഡൽഹി അനാവശ്യ അബദ്ധങ്ങൾ കാണിച്ച് തോൽവി വഴങ്ങുക ആയിരുന്നു. ഹാർദിക് മത്സരത്തിൽ 2 റൺ മാത്രം എടുത്താണ് പുറത്തായത്.

അതേസമയം ഇന്നലത്തെ ക്രിക്കറ്റ് ലോകത്തെ ചർച്ചാവിഷയം കരുൺ നായർ ആയിരുന്നു. നീണ്ട നാളത്തെ ഇടവേളക്ക് ശേഷം തിരികെ എത്തിയ അദ്ദേഹം 40 പന്തിൽ 89 റൺ നേടിയാണ് മുംബൈയെ ഞെട്ടിച്ചത്.

Read more