IPL 2025: ഏറ്റവും മോശം ടീം നിങ്ങൾ തന്നെയാടാ മക്കളെ, ബുദ്ധി ഉള്ള ഒരെണ്ണം പോലും തലപ്പത്ത് ഇല്ലെ; കുറ്റപ്പെടുത്തലുമായി ആകാശ് ചോപ്ര

2025 ലെ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനോട് (ആർആർ) തോറ്റതിന് ശേഷം ചെന്നൈ സൂപ്പർ കിംഗ്സിന്റെ (സിഎസ്‌കെ) പ്ലേയിംഗ് കോമ്പിനേഷനെ മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര ചോദ്യം ചെയ്തു. ഇന്നലത്തെ മത്സരത്തിൽ ചെന്നൈ അവരുടെ ആദ്യ ഇലവനിൽ വരുത്തിയ രണ്ട് മാറ്റങ്ങൾ അവരുടെ ബാറ്റിംഗ് പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്നലെ ഗുവാഹത്തിയിൽ നടന്ന ഐപിഎൽ 2025 ലെ 11-ാം മത്സരത്തിൽ ആർആർ സിഎസ്‌കെയ്ക്ക് 183 റൺസ് വിജയലക്ഷ്യം വെച്ചു. തുടർന്ന് ആതിഥേയർ റുതുരാജ് ഗെയ്ക്‌വാദിനെയും കൂട്ടരെയും 176/6 എന്ന നിലയിൽ ഒതുക്കി ആറ് റൺസിന്റെ വിജയം നേടി, ചെന്നൈക്ക് തുടർച്ചയായ രണ്ടാമത്തെ തോൽവി സമ്മാനിച്ചു.

‘ആകാശ് ചോപ്ര’ എന്ന തന്റെ യൂട്യൂബ് ചാനലിൽ പങ്കിട്ട ഒരു വീഡിയോയിൽ, മുൻ ഇന്ത്യൻ ഓപ്പണർ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ പ്ലെയിംഗ് ഇലവനെക്കുറിച്ച് അതൃപ്തി പ്രകടിപ്പിച്ചു.

“സി‌എസ്‌കെ, നിങ്ങളുടെ പ്ലെയിംഗ് ഇലവനെ എനിക്ക് ഒട്ടും ഇഷ്ടമല്ല. നിങ്ങൾ മാറ്റങ്ങൾ വരുത്തുകയാണ്, പക്ഷേ മാറ്റം നല്ലതിന് അല്ല. നിങ്ങൾ സാം കറനെ ഒഴിവാക്കി ജാമി ഓവർട്ടണെ കളിപ്പിച്ചു, പക്ഷേ നിങ്ങൾ ഓവർട്ടണെ രണ്ട് ഓവർ മാത്രമേ എറിയാൻ ഏൽപ്പിച്ചുള്ളൂ. നിങ്ങളുടെ ബാറ്റിംഗിലെ പ്രശ്നം പരിഹരിക്കേണ്ടതുണ്ട് എന്നതാണ് സത്യം. അത് പരിഹരിക്കപ്പെടുന്നില്ല. അത് വീണ്ടും നിങ്ങളുടെ തോൽവിക്ക് കാരണമായി” അദ്ദേഹം പറഞ്ഞു.”

രാജസ്ഥാൻ റോയൽസിന്റെ ബാറ്റിംഗിനെ പ്രശംസിച്ചുകൊണ്ട് ചോപ്ര, നിതീഷ് റാണയെ അഭിനന്ദിച്ചു.

“രാജസ്ഥാനെ ചെന്നൈ ആദ്യം ബാറ്റ് ചെയ്യാൻ ക്ഷണിച്ചു. നിതീഷ് റാണ എത്ര നന്നായി ബാറ്റ് ചെയ്തു. അദ്ദേഹം അതിശയകരമായ ഫോറുകളും സിക്സറുകളും അടിച്ചു. അദ്ദേഹം അശ്വിനെ തകർത്തെറിഞ്ഞു. അയാളുടെ ആദ്യ ഓവറിൽ 20 റൺസ് നേടി. ഐപിഎൽ തലത്തിൽ അദ്ദേഹം ഒരു അസാധാരണ ക്രിക്കറ്റ് കളിക്കാരനാണ്. കെകെആർ അദ്ദേഹത്തെ നിലനിർത്താത്തതിൽ അദ്ദേഹത്തിന് ദേഷ്യമുണ്ട്” അദ്ദേഹം നിരീക്ഷിച്ചു.

റാണ 36 പന്തിൽ നിന്ന് 10 ഫോറുകളും അഞ്ച് സിക്സറുകളും സഹിതം 81 റൺസ് നേടി മാൻ ഓഫ് ദി മാച്ച് അവാർഡും നേടി.