മാർച്ച് 22 ന് ഈഡൻ ഗാർഡൻസിൽ, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള മത്സരത്തോടെയാണ് ഇന്ത്യൻ പ്രീമിയർ ലീഗ് 2025 ആരംഭിക്കുന്നത്. കഴിഞ്ഞ സീസണിലെ ഫൈനലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയാണ് കെകെആർ കിരീടം നേടിയത്. ടൂർണമെന്റിൽ മികച്ച പ്രകടനമാണ് കമ്മിൻസും സംഘവും നടത്തിയത്.
കമ്മിൻസ്, അഭിഷേക് ശർമ്മ, ട്രാവിസ് ഹെഡ്, ഹെൻറിച്ച് ക്ലാസൻ, നിതീഷ് കുമാർ റെഡ്ഡി എന്നിവരെ നിലനിർത്തിയ ശേഷം, മെഗാ ലേലത്തിൽ മുഹമ്മദ് ഷമി, ഇഷാൻ കിഷൻ, മറ്റ് നിരവധി മികച്ച താരങ്ങളെയടക്കം ടീം സ്വന്തമാക്കുക ആയിരുന്നു. ഇപ്പോഴിതാ പതിനെട്ടാം സീസണിൽ കിരീടം നേടാൻ സാധ്യതയുള്ള ടീമായി സൺറൈസേഴ്‌സ് ഹൈദരാബാദിനെ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്ക് തിരഞ്ഞെടുത്തു. കമ്മിൻസ് ഇത്തവണ കഴിഞ്ഞ സീസണിനെക്കാൾ മികവ് കാണിക്കുമെന്നും അതിനാൽ തന്നെ അദ്ദേഹത്തിന്റെ മികവിൽ ടീം കിരീടം നേടുമെന്നും പറഞ്ഞിരിക്കുകയാണ്.
“എനിക്ക് പക്ഷപാതം ഉണ്ടെന്ന് നിങ്ങൾക്ക് തോന്നാം. പക്ഷപാതം നോക്കി ഒരു കളിക്കാരനെ തിരഞ്ഞെടുക്കുകയാണെങ്കിൽ, ഞാൻ പാറ്റ് കമ്മിൻസ് നായകനായ സൺറൈസേഴ്‌സ് ഹൈദരാബാദ് കിരീടം നേടുമെന്നാണ് പറയുന്നത്. വരാനിരിക്കുന്ന സീസണിൽ ബൗളിംഗ് ഹൈദരാബാദിനെ സഹായിക്കും” അദ്ദേഹം പറഞ്ഞു.
“അവരുടെ ബാറ്റിംഗ് യൂണിറ്റ് ശക്തമാണ്, ഒരു ക്യാപ്റ്റനെന്ന നിലയിൽ പാറ്റി കഴിഞ്ഞ സീസണിൽ നിന്ന് ധാരാളം കാര്യങ്ങൾ പഠിച്ചിട്ടുണ്ടാകും. അത് അവരുടെ ബൗളിംഗാണ്. പരിക്കുകൾ കാരണം ഫാസ്റ്റ് ബൗളർമാരെ നഷ്ടപ്പെടുന്നത് അവർക്ക് താങ്ങാനാവില്ല. കാരണം ബോളിങ് ആണ് ടീമിന്റെ ശക്തി. ” അദ്ദേഹം കൂട്ടിച്ചേർത്തു.