ഡ്രസ്സിംഗ് റൂമിൽ സംഭവിക്കുന്നത്, ഡ്രസ്സിംഗ് റൂമിൽ തന്നെ തീരണം! ഗംഭീറിന്റെ ഡ്രസിങ് റൂം സംസാരം ലീക്കായതിൽ വിമർശനം ഉന്നയിച്ച് ഇർഫാൻ പത്താൻ

ഇന്ത്യൻ ക്രിക്കറ്റിലെ ഡ്രസിങ് റൂം വിവാദത്തിൽ രൂക്ഷ വിമർശനവുമായി മുൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ രംഗത്ത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോക്‌സിംഗ് ഡേ ടെസ്റ്റ് തോൽവിക്ക് ശേഷം ഗൗതം ഗംഭീർ ഡ്രസിങ് റൂമിൽ വെച്ച് നടത്തിയ രൂക്ഷമായ പരാമർശങ്ങൾ ലീക്കായതിനെ തുടർന്നാണ് പത്താൻ വിമർശനം ഉന്നയിച്ചത്.

ഡ്രസ്സിംഗ് റൂമിൽ നടക്കുന്ന കാര്യങ്ങൾക്ക് അതിന്റേതായ രഹസ്യ സ്വഭാവമുണ്ടെന്നും അത് അവിടെ തന്നെ തീരണമെന്നും പറഞ്ഞ പത്താൻ ഡ്രസിങ് റൂമിലെ ചർച്ചകൾ പുറം ലോകത്ത് ചർച്ചയാകുന്നത് നല്ല പ്രവണതയല്ലെന്നും ചൂണ്ടിക്കാട്ടി. അതേസമയം എങ്ങനെയാണ് താരങ്ങളും പരിശീലകരും സപ്പോർട്ടിങ് സ്റ്റാഫുകളും മാത്രമുള്ള ഡ്രസിങ് റൂമിലെ ചർച്ചകൾ മാധ്യമങ്ങൾക്ക് ലഭിച്ചുവെന്ന ചോദ്യമുന്നയിച്ച ഗോസ്വാമി ഇത് കടുത്ത സ്വകാര്യ ലംഘനമെണെന്ന് പ്രതികരിക്കുകയും ചെയ്തു.

ഓസ്ട്രേലിയക്കെതിരായ ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് ജനുവരി മൂന്നിന് സിഡ്‌നിയിൽ ആരംഭിക്കാനിരിക്കെ ടീമിനെയും, കോച്ച് എന്ന നിലക്ക് ഗംഭീറിനെയും കൂടുതൽ പ്രതിരോധത്തിലാക്കിയിരിക്കുകയാണ് ഡ്രസിങ് റൂം ലീക് വിവാദം. നാലാം ടെസ്റ്റ് തോറ്റതോടെ 2-1 ന് പരമ്പരയിൽ ഇന്ത്യ പിന്നിലായിരുന്നു. തുടർന്ന് ഡ്രസിങ് റൂമിൽ ഗൗതം ഗംഭീർ നടത്തിയ വിമർശനങ്ങളാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നത്. സീനിയർ താരങ്ങളുടെ പ്രകടനത്തിൽ നിശിത വിമർശനമുന്നയിച്ച ഗംഭീർ പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കിൽ സീനിയർ താരങ്ങളെ ടീമിൽ നിന്നൊഴിവാക്കാൻ മടിക്കില്ലെന്ന് മുന്നറിയിപ്പും നൽകിയതായി ഇന്ത്യൻ ടീം വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.