CSK VS LGS: ധോണി മനുഷ്യനാണോ അതോ യന്ത്രമാണോ? ഗ്രെനേഡ് എറിയുന്നത് പോലെയല്ലേ അദ്ദേഹം സ്റ്റമ്പിൽ കൊള്ളിച്ചത്: സഞ്ജയ് ബംഗാർ

ചെന്നൈ സൂപ്പർ കിങ്സിനെ സംബന്ധിച്ച് ഇന്ന് ലക്നൗവിനെതിരായ മത്സരത്തിൽ ജയിച്ചില്ലെങ്കിൽ പ്ലേ ഓഫ് എത്താതെ പുറത്താകുമെന്ന അവസ്ഥ ആയിരുന്നു . എന്തായാലും അത് ഉണ്ടായില്ല. ആദ്യം ബാറ്റ് ചെയ്ത് ലക്നൗ ഉയർത്തിയ 167 റൺ വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ 19 . 3 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിൽ എത്തിയിരിക്കുകയാണ്. ഇതോടെ 7 മത്സരങ്ങളിൽ നിന്ന് രണ്ടാമത്തെ ജയവുമായി ചെന്നൈ പ്രതീക്ഷ നിലനിർത്തി.

ചെന്നൈക്ക് വേണ്ടി ഓപ്പണർമാരായ സായ്ക്ക് റഷീദ് 27 റൺസും, രചിൻ രവീന്ദ്ര 37 റൺസും നേടി മികച്ച ഓപ്പണിങ് നൽകി. എന്നാൽ പിന്നീട് ശിവം ദുബൈ (43*) എം എസ് ധോണി (26*) അല്ലാതെ വേറെ ഒരു താരവും രണ്ടക്കം കടന്നില്ല. എന്നാൽ മത്സരത്തിന്റെ ആദ്യ പകുതിയിൽ നോൺ സ്‌ട്രൈക്കേഴ്‌സ് സ്റ്റമ്പിൽ ധോണി പൊക്കി എറിഞ്ഞ് കൊള്ളിച്ച് അബ്‌ദുൾ സമദിനെ പുറത്താക്കിയത്. അദ്ദേഹത്തിന്റെ ആ മികവിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് സഞ്ജയ് ബംഗാർ.

സഞ്ജയ് ബംഗാർ പറയുന്നത് ഇങ്ങനെ:

“ധോണിയുടെ മികവിനെ സമ്മതിക്കണം. അത്രയും ദൂരത്ത് നിന്ന് കീപ്പർ സ്റ്റമ്പിലേക്ക് കൊള്ളിക്കണമെങ്കിൽ അദ്ദേഹം ക്രിക്കറ്റ് അല്ലാതെ മറ്റെന്തെങ്കിലും കൂടെ ചെയ്യുന്നുണ്ടായിരിക്കും. എനിക്ക് തോന്നുന്നു ധോണി ഒരു മിലിട്ടറിക്കാരൻ കൂടിയല്ലേ. കൃത്യമായ ലക്ഷ്യത്തിലേക്ക് ശത്രുക്കൾക്ക് നേരെ ഗ്രെനേഡ് എറിഞ്ഞ് ശീലമായത് കരണമായിരിക്കും” സഞ്ജയ് ബംഗാർ പറഞ്ഞു

ലക്‌നൗ സൂപ്പർ ജയൻറ്സ് നായകൻ ഋഷഭ് പന്ത് 49 പന്തുകളിൽ നിന്നായി 4 ഫോറും, 4 സിക്സറുമടക്കം 63 റൺസ് നേടി. താരത്തിന്റെ മികവിലാണ് ടീം ടോട്ടൽ 160 റൺസ് കടക്കാൻ സാധിച്ചത്. ലക്‌നൗവിനായി മിച്ചൽ മാർഷ് 30 റൺസും, ആയുഷ് ബഡോണി 22 റൺസും, അബ്ദുൽ സമദ് 20 റൺസും നേടി ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചു. ചെന്നൈക്കായി രവീന്ദ്ര ജഡേജ, മതീഷ പാതിരാണ എന്നിവർ രണ്ട് വിക്കറ്റുകളും, അൻഷുൽ ഖാംഭോജ്ജ്, ഖലീൽ അഹമ്മദ് എന്നിവർ ഓരോ വിക്കറ്റുകളും നേടി.