ഇപ്പോൾ പുകഴ്ത്തുന്നു, പണ്ട് ഇതൊന്നും അല്ലായിരുന്നല്ലോ; മുൻ സഹതാരത്തോട് ചോദ്യവുമായി രവിചന്ദ്രൻ അശ്വിൻ

ഇന്നലെ കിവീസിനെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിലെ ഏറ്റവും മികച്ച നിമിഷങ്ങളിൽ ഒന്നായിരുന്നു രവിചന്ദ്രൻ അശ്വിൻ ഗ്രൗണ്ടിന്റെ ഒരു നല്ല ഭാഗം കവർ ചെയ്തെടുത്ത തകർപ്പൻ ക്യാച്ച്. എന്തായാലും ക്യാച്ച് ചർച്ചാവിഷയം ആകുമ്പോൾ അതുമായി ബന്ധപ്പെട്ട് രവിചന്ദ്രൻ അശ്വിൻ തന്റെ സഹതാരമായിരുന്ന ദിനേഷ് കാർത്തിക്കിന് കൊടുത്ത മറുപടിയും വൈറലാകുന്നു.

28-ാം ഓവറിലെ അഞ്ചാം പന്തിൽ രവീന്ദ്ര ജഡേജയെ സിക്സറിന് പറത്താൻ ഡാരിൽ മിച്ചൽ ക്രീസിൽ നിന്ന് ഇറങ്ങി. എന്നാൽ, ടൈമിംഗ് പാളി പോയെന്ന് പറയാം. ഇന്ത്യൻ ടീമിലെ ഫിറ്റസ്റ്റ് ക്രിക്കറ്റർമാരിൽ ഒരാളല്ലാത്ത രവിചന്ദ്രൻ അശ്വിൻ, മിഡ്-ഓണിൽ നിന്ന് പിന്നോട്ട് ഓടി, ഒരു ഡൈവിലൂടെ മികച്ച ക്യാച്ച് പൂർത്തിയാക്കി 94/4 എന്ന നിലയിൽ ന്യൂസിലൻഡിനെ വിട്ടു.

രണ്ടാം ദിവസത്തെ കളി അവസാനിച്ചതിന് ശേഷം, രവിചന്ദ്രൻ അശ്വിനൊപ്പം നിരവധി മത്സരങ്ങൾ കളിച്ചിട്ടുള്ള ദിനേഷ് കാർത്തിക്, ഓഫ് സ്പിന്നറോട് ക്യാച്ചിനെക്കുറിച്ച് ചോദിക്കുകയും അദ്ദേഹത്തിൻ്റെ ശ്രമങ്ങളെ പ്രശംസിക്കുകയും ചെയ്തു. കാർത്തിക് പറഞ്ഞു: “എന്തൊരു നല്ല ക്യാച്ചായിരുന്നു അത്. മിഡ്-ഓണിൽ നിന്നപ്പോൾ നിങ്ങൾ എന്താണ് ചിന്തിച്ചത്? ആ ക്യാച്ച് പിടിക്കുമെന്ന് കരുതിയിരുന്നു?

ഇതിനോട് പ്രതികരിച്ച് അശ്വിൻ ഒരു രസകരമായ മറുപടിയുമായി എത്തി, “വർഷങ്ങളായി നിങ്ങൾ എനിക്ക് നൽകിയ എല്ലാ കളിയാക്കലുകൾക്കും നന്ദി. ഞാൻ വളരെയധികം ക്യാച്ചുകൾ നഷ്ടപ്പെടുത്തുന്നത് നിങ്ങൾ കണ്ടിട്ടില്ല”അശ്വിൻ പറഞ്ഞു.

അതേസമയം മത്സരത്തിൽ തങ്ങൾ ഇപ്പോൾ മികച്ച നിലയിൽ ആണെന്നും ആ ആധിപത്യം ഇന്നും തുടരണം എന്നും അശ്വിൻ പ്രതീക്ഷയർപ്പിച്ചു.