അബദ്ധം പറ്റിയതാണ്... അബദ്ധം പറ്റിയതല്ല, ഓസ്കാർ ലെവൽ അഭിനയത്തിനിടെ അഫ്ഗാൻ താരത്തിന് പറ്റിയത് വമ്പൻ അബദ്ധം; വീഡിയോ ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം

ഐസിസി ടി20 ലോകകപ്പ് 2024ലെ അഫ്ഗാനിസ്ഥാൻ-ബംഗ്ലാദേശ് സൂപ്പർ 8 മത്സരത്തിനിടെ ഉണ്ടായ ഒരു രസകരമായ നിമിഷം ഏറ്റെടുത്ത് സോഷ്യൽ മീഡിയ. ബംഗ്ലാദേശ് ബാറ്റിംഗിനിടെ 12-ാം ഓവറിനിടെ മഴ പെയ്യുന്ന ലക്ഷണങ്ങൾ കാണിച്ചപ്പോൾ അഫ്ഗാനിസ്ഥാൻ കോച്ച് ജോനാഥൻ ട്രോട്ട് തൻ്റെ കളിക്കാരോട് സൈഡ് ലൈനിൽ നിന്ന് ‘ മത്സരം മന്ദഗതിയിലാക്കാൻ’ സൂചിപ്പിച്ചു, കാരണം ബംഗ്ലാദേശ് ഡിഎൽഎസ് രീതിയിൽ തുല്യ സ്‌കോറിനേക്കാൾ 2 റൺസ് പിന്നിലായിരുന്നു. അതിനാൽ തന്നെ ആ നിമിഷം മത്സരം ഉപേക്ഷിച്ചാൽ അഫ്ഗാന് ജയിക്കാൻ അവസരം ഉണ്ടായിരുന്നു.

കോച്ച് പറഞ്ഞത് അതേപടി അനുസരിച്ച് സ്ലിപ്പിൽ നിന്ന അഫ്ഗാനിസ്ഥാൻ്റെ ഗുൽബാദിൻ നായിബ് തൻ്റെ കൈകാലുകൾ പിടിച്ച് താഴേക്ക് വീഴുക ആയിരുന്നു. സന്ധിവേദന എന്ന രീതിയിൽ താരം വീണപ്പോൾ അഫ്ഗാൻ താരങ്ങൾ എല്ലാം ആ നിമിഷം താരത്തിന് ചുറ്റും കൂടി. അടുത്ത നിമിഷം തന്നെ വീണ്ടും മഴ എത്തുക ആയിരുന്നു. മത്സരം നിർത്തിവെച്ചപ്പോൾ താരത്തിനെ ചുമന്നുകൊണ്ട് അഫ്ഗാൻ താരങ്ങൾ പുറത്തേക്ക് നടക്കുകയും ചെയ്‌തു. തനിക്ക് വേദന ഉണ്ടെന്ന് പറഞ്ഞ കാൽ അല്ല മറിച്ച് മറ്റൊരു കാല് ചട്ടികൊണ്ടാണ് താരം പുറത്തേക്ക് നടന്നത് എന്നത് ആളുകളുടെ സംശയങ്ങൾക്ക് കാരണമായി.

എന്നാൽ സെക്കൻഡുകൾ മാത്രം നീണ്ടുനിന്ന ഈ മഴ അവസാനിച്ചശേഷം താരങ്ങൾ ഗ്രൗണ്ടിലേക്ക് തിരിച്ചെത്തി. ഈ സമയം തന്നെ ഗുൽബദിനും ഒപ്പം എത്തുക ആയിരുന്നു. പ്രത്യക്ഷത്തിൽ, മത്സരം മന്ദഗതിയിലാക്കാനുള്ള വഴികൾ ഗുൽബാദിൻ കണ്ടെത്തുകയായിരുന്നു. ആരാധകർ ആകട്ടെ ട്രോട്ടിൻ്റെ സൂചനകളുടെ സമയവും ഗുൽബാദിൻ്റെ പരിക്ക് അഭിനയവും ഒരേ സമയം തന്നെയാണ് സംഭവിച്ചതെന്ന് കണ്ടെത്തി.

” താരത്തിന് റെഡ് കാർഡ് നൽകുക: ഇതാണ് രവിചന്ദ്രൻ അശ്വിൻ ഈ സമയം എക്‌സിൽ കുറിച്ച അഭിപ്രായം. ” അഭിനയത്തിന്റെ കാര്യത്തിൽ താരം റിസ്‌വാനെ കടത്തി വെട്ടിയിരിക്കുന്നു” ഇതായിരുന്നു മറ്റൊരു അഭിപ്രായം വന്നത്.

അതേസമയം ഓസ്‌ട്രേലിയയുടെ മോഹങ്ങൾ കൂടി തല്ലി കെടുത്തി ബംഗ്ലാദേശ് അഫ്ഗാനിസ്ഥാനോട് ആവേശകരമായ മത്സരത്തിൽ പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ ഉയർത്തിയ 116 വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 105 റൺസിന് പുറത്തായി. ഫലം ആകട്ടെ അഫ്ഗാനിസ്ഥാന് 8 റൺസ് ജയവും സെമി സ്ഥാനവും. സൗത്താഫ്രിക്കയാണ് അഫ്ഗാന്റെ സെമി എതിരാളികൾ.

അഫ്ഗാൻ ഉയർത്തിയ ലക്‌ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് വിജയിച്ചിരുന്നെങ്കിൽ ഓസ്‌ട്രേലിയക്ക് സെമിയിൽ എത്താമായിരുന്നു. അഫ്ഗാന്റെ തകർപ്പൻ ബോളിങ്ങിനും അച്ചടക്കമുള്ള ഫീൽഡിങ്ങിനും മുന്നിൽ ബംഗ്ലാദേശ് തകർന്നടിയുക ആയിരുന്നു. ഓപ്പണർ ലിറ്റർ ദാസ് നേടിയ 54 റൺസ് ഒഴിച്ചുനിർത്തിയാൽ ബംഗ്ലാദേശ് മോശം ബാറ്റിംഗാണ് നടത്തിയത്. അഫ്ഗാനായി നയൻ റഷീദ് , നവീൻ ഉൾ ഹഖ് എന്നിവർ നാല് വിക്കറ്റ് വീഴ്ത്തി അഫ്ഗാനെ സെമിയിൽ എത്തിച്ചു.