രവിചന്ദ്രൻ അശ്വിനെ പിന്നിലാക്കി വീണ്ടും ചരിത്രം കുറിച്ച് ജസ്പ്രീത് ബുംറ

പുതുവർഷദിനത്തിൽ പുതിയ റെക്കോർഡ് കൂടെ തന്റെ പേരിൽ കുറിച്ച് ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംമ്ര. ഓസ്‌ട്രേലിയയ്‌ക്കെതിരെ 30 വിക്കറ്റുകൾ വീഴ്ത്തിയതോടെ ബോർഡർ ഗാവസ്‌കർ ടെസ്റ്റ് പരമ്പരയിലെ വിക്കറ്റ് വേട്ടക്കാരിൽ ബുംമ്ര ഒന്നാമതെത്തിയിരുന്നു. ഇപ്പോൾ ഏറ്റവും പുതിയ ഐസിസി ടെസ്റ്റ് ബൗളർമാരുടെ റാങ്കിങ്ങിൽ ഒരു ചരിത്രനേട്ടം കൂടി സ്വന്തമാക്കുകയാണ് ബുംമ്ര.

907 റേറ്റിങ് പോയിന്റാണ് ബൗളർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള ബുംമ്ര സ്വന്തമാക്കിയിരിക്കുന്നത്. ഐസിസി റാങ്കിങ്ങിൽ ഏറ്റവും ഉയർന്ന റേറ്റിങ് പോയിന്റ് നേടുന്ന ഇന്ത്യൻ ബൗളറെന്ന നേട്ടം ഇതോടെ സ്വന്തം പേരിലെഴുതിച്ചേർക്കാൻ ബുംമ്രയ്ക്ക് സാധിച്ചു. മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിന്റെ 904 റേറ്റിങ് പോയിന്റെന്ന റെക്കോർഡാണ് ബുംമ്ര മറികടന്നത്.

റേറ്റിങ് പോയിന്റുകളുടെ റെക്കോർഡിൽ ഇംഗ്ലണ്ട് താരം ഡെറക് അണ്ടർവുഡിനൊപ്പം 17-ാം സ്ഥാനത്താണ് നിലവിൽ ബുംമ്ര. ജോഷ് ഹേസൽവുഡ്, പാറ്റ് കമ്മിൻസ്, കഗിസോ റബാദ, മാർക്കോ യാൻസൻ, മാറ്റ് ഹെന്റി, നഥാൻ ലിയോൺ, പ്രഭാത് ജയസൂര്യ, നൊമാൻ അലി എന്നിവരാണ് രണ്ട് മുതൽ ഒമ്പതുവരെ സ്ഥാനങ്ങളിൽ ഇടം പിടിച്ചിട്ടുള്ളത്. ടെസ്റ്റ് ഓൾറൗണ്ടർമാരുടെ റാങ്കിങ്ങിൽ രവീന്ദ്ര ജഡേജയാണ് ഒന്നാം സ്ഥാനത്തുള്ളത്. രവിചന്ദ്രൻ അശ്വിൻ നിലവിൽ വിരമിച്ചതിനാൽ അദ്ദേഹത്തെ ഇനി റാങ്കിങ്ങിൽ പരിഗണിക്കില്ല. നേരത്തെ രണ്ടാം സ്ഥാനത്തായിരുന്നു അശ്വിൻ ഉണ്ടായിരുന്നത്.